Skip to main content

എല്ലാ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും - മുഖ്യമന്ത്രി  പിണറായി വിജയന്‍

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കണ്ടറി ലാബുകളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ പൊതു വിദ്യാഭ്യാസം കാലാനുസൃതമായ മാറ്റം കൈവരിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായം വിജയകരമായി നടപ്പിലാക്കി. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ ഉടനടി തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരമുള്ള സ്‌കൂളുകളോട് കിടപിടിക്കുന്ന തരത്തില്‍ വാര്‍ത്തെടുക്കയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മക്കിമല ഗവ. എല്‍.പി സ്‌കൂള്‍ എന്നിവക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂലങ്കാവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പ അനൂപ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സണ്ണി തയ്യില്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ടി. കെ. അബ്ബാസ് അലി, പ്രിന്‍സിപ്പാള്‍ മിനി സി ഇയാക്കു തുടങ്ങിയവര്‍ പങ്കെടുത്തു.

മക്കിമല ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം. എല്‍. എ. ശിലാഫലകം അനാശ്ചാദനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍.സി ജോയി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമറുന്നീസ, പി. ഡബ്ല്യൂ. ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. അജിത് കുമാര്‍, ഹെഡ് മാസ്റ്റര്‍ ബോബി എസ്. റോബര്‍ട്ട്, മാനന്തവാടി ഉപജില്ല എ. ഇ. ഒ എം. എം ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ ശിലാഫലകം അനാശ്ചാദനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, മുന്‍ എം. എല്‍.എയായ  സി. കെ. ശശീന്ദ്രന്‍, ഇന്‍കല്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍ നന്ദകുമാര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date