Skip to main content

അഞ്ച് മാസത്തിനിടയിൽ കേരള ബാങ്ക് കാർഷിക വായ്പ 2648 കോടി

* നിക്ഷേപവും വായ്പയും വർദ്ധിപ്പിച്ചു
* നിഷ്‌ക്രിയ ആസ്തിയിൽ 387.95 കോടിയുടെ കുറവ്
* കഴിഞ്ഞ സാമ്പത്തിക വർഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്

കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വർദ്ധിപ്പിച്ച് കേരള ബാങ്ക്. ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള നാല് മാസത്തിനുള്ളിൽ 2648 കോടി രൂപ കൃഷി വായ്പയായി നൽകി. കാർഷിക മേഖല ശക്തവും വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ വായ്പ നൽകുന്നത്.  മുൻ വർഷത്തേക്കാൾ 5658 കോടി രൂപയാണ് ആകെ നിക്ഷേപത്തിലെ വർദ്ധന. സഹകരണ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടത്തിയ പുരോഗതി റിപ്പോർട്ട് അവലോകനത്തിലാണ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയത്. നിഷ്‌ക്രിയ ആസ്തിയിൽ 387.95 കോടിയുടെ കുറവുണ്ടായി. വായ്പകളുടെ 14.7 ശതമാനമാണ് നിഷ്‌ക്രിയ ആസ്തി. ഇക്കാലയളവിൽ 1,06,397 കോടിയുടെ ബിസിനസാണ് ബാങ്ക് നടത്തിയത്. ബാങ്കിന്റെ അറ്റാദായം 61.96 കോടി രൂപയായി ഉയർന്നു. ഈ വർഷം മാർച്ച് 31 വരെ 5295 കോടി രൂപ കാർഷിക വായ്പയായി നൽകിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 507 കോടി രൂപ അധികമാണ്. നേരത്തെ ത്രിതല സംവിധാനം വഴി ഏഴ് ശതമാനം നിരക്കിൽ നൽകിയിരുന്ന കാർഷിക വായ്പ ഇപ്പോൾ ആറ് ശതമാനത്തിലും കുറഞ്ഞ നിരക്കിലാണ് നൽകുന്നത്.
ത്രിതല സംവിധാനം നിലവിലുണ്ടായിരുന്ന സമയത്ത് എല്ലാ ജില്ലകൾക്കും ലഭ്യമല്ലാതിരുന്ന ദീർഘകാല പുനർ വായ്പാ സൗകര്യം ( എൽടിആർസിഎഫ് - ലോങ് ടേം റീ ഫിനാൻസ് ഫെസിലിറ്റി ) എല്ലാ ജില്ലകൾക്കും ലഭ്യമാക്കുകയും 754 കോടി വിതരണം ചെയ്യുകയുമുണ്ടായി. കോവിഡ് സാഹചര്യത്തിലും പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ലിക്വിഡിറ്റി ഫണ്ടായി 2000 കോടി രൂപ അനുവദിച്ചു. വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതികളും ബാങ്ക് ആവിഷ്‌കരിച്ചു. ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ മേഖലയിൽ 60 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകും. 35 ശതമാനമോ പത്ത് ലക്ഷം രൂപ വരെയോ സബ്സിഡിയും ലഭ്യമാക്കും. സാധാരണ തൊഴിലാളികൾ, കർഷകർ, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ എന്നിവർക്ക് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾക്ക് ദീർഘകാല വ്യവസ്ഥകളിൽ വായ്പ അനുവദിക്കുന്നുണ്ട്. താഴ്ന്ന വരുമാനക്കാർക്ക് മാത്രമുള്ള ഭവന വായ്പ, നബാർഡ് നിർദ്ദേശിക്കുന്ന വായ്പ, ഒരു പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വായ്പ എന്നിങ്ങനെ വിവിധ വായ്പകൾ ലളിതമായ വ്യവസ്ഥകളിൽ കേരള ബാങ്ക് അനുവദിക്കുന്നു.
കർഷകരുടെ സ്വയംസംരഭങ്ങൾക്കും അവർ രൂപം നൽകിയ കമ്പനികൾക്കും എല്ലാവിധ സഹകരണങ്ങളും ആനുകൂല്യങ്ങളും വായ്പകളും കേരള ബാങ്ക് സ്പെഷ്യൽ സെൽ വഴി നൽകുന്നു. സേവിങ്സ് ബാങ്ക്, കറണ്ട് അക്കൗണ്ടുകൾ എന്നിവ ആകർഷിക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. ഏഴാം ക്ലാസ് മുതലുള്ള കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ സഞ്ചയിക മാതൃകയിൽ വിദ്യാനിധി പദ്ധതി നടപ്പിലാക്കുന്നു. പത്താം ക്ലാസ് പൂർത്തിയാക്കുമ്പോൾ നിക്ഷേപ തുകയും ബാങ്കിന്റെ വിഹിതവും ഉപഹാരവും ചേർത്ത് വിദ്യാർത്ഥികൾക്ക് നൽകും. റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. ബാങ്കിന്റെ ഡിജിറ്റലൈസേഷൻ മൂന്നു മാസത്തിനകം പൂർത്തിയാകും. ഇതോടെ ന്യൂ ജനറേഷൻ, ദേശസാൽകൃത ബാങ്കുകൾ ലഭ്യമാക്കുന്ന സൗകര്യങ്ങൾ കേരള ബാങ്കിനു നൽകാനാകുമെന്നും അവലോകന യോഗം വിലയിരുത്തി.
പി.എൻ.എക്‌സ്. 3287/2021
 

date