Skip to main content

റഫറൻസ് മീഡിയ പദ്ധതി ഉദ്ഘാടനവും പുസ്തക പ്രകാശനവും

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ 2021-2022 വർഷ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള 'റഫറൻസ് മീഡിയ തയ്യാറാക്കൽ' പദ്ധതിയുടെ ഉദ്ഘാടനവും കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻപിള്ള രചിച്ച 'മ്യൂസിയം ശാസ്ത്ര തത്വങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനവും തുറമുഖം, പുരാവസ്തു, പുരാരേഖാ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ  നിർവ്വഹിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ താളിയോലരേഖാശേഖരം സൂക്ഷിക്കുന്ന സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് രേഖകളുടെ ബാഹുല്യം, വൈജാത്യം എന്നിവ കൊണ്ട് ഏറെ ശ്രദ്ധേയമാണെന്നും പുരാരേഖകളുടെ ഫലപ്രദമായ പഠന ഗവേഷണത്തിന് ശാസ്ത്രീയമായി തയ്യാറാക്കുന്ന റഫറൻസ് മീഡിയ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പഠന ഗവേഷണത്തിനായി ആർക്കൈവ്‌സിലെത്തുന്ന ഗവേഷകർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടർ രജികുമാർ.ജെ. സ്വാഗതം പറഞ്ഞു. കേരളം മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു.വി  ആമുഖ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പുസ്തകാവതരണം നിർവഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ എൻ.അബു എന്നിവർ ആശംസ പറഞ്ഞു. ആർക്കൈവ്‌സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബിജു ചടങ്ങിൽ നന്ദി പറഞ്ഞു.
പി.എൻ.എക്‌സ്. 3300/2021
 

date