Skip to main content

മഴക്കെടുതി നേരിടാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി പറവൂര്‍ ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകള്‍

കൊച്ചി: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടപ്പാക്കുകയാണ് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകള്‍. പൊതുസ്ഥലങ്ങളും കാനകളും കൊതുക് ഉറവിടങ്ങളും വൃത്തിയാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചിറ്റാറ്റുകര, ഏഴിക്കര, വടക്കേക്കര, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പഞ്ചായത്തുകളിലെ വാര്‍ഡ് തല സമിതികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടി മാറ്റാനും നടപടിയെടുക്കുന്നുണ്ട്. 
ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ശുചീകരണ ക്യാംപെയ്ന്‍ നടപ്പാക്കുന്നു. വടക്കേക്കര പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡുകള്‍ക്കും 15000 രൂപ വീതം നല്‍കി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയില്‍ ഉള്‍പ്പെട്ടവരുടെ സഹായത്തോടെയാണ് ശുചീകരണം നടത്തുന്നത്. ശക്തമായ മഴയില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എല്ലാ മാസവും ഇതു സംബന്ധിച്ച അവലോകനവും നടത്തുന്നുണ്ട്. 
പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇരുപത് വാര്‍ഡുകളാണ് വടക്കേക്കര പഞ്ചായത്തില്‍ ഉള്ളത്. സാനിറ്റേഷന്‍ കമ്മിറ്റികളുടേയും പരിശോധനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും നടത്തിയ ജാഗ്രതോത്സവങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സഹായകമായി. 
പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി മൂത്തകുന്നം ലേബര്‍ ജംഗ്ഷനില്‍ നിന്നും ഒരു കിലോ മീറ്ററോളം ദൂരത്തില്‍ ജാഗ്രതാ ജാഥ സംഘടിപ്പിച്ചു. ജില്ല കളക്ടറുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണത്തിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ട്രീ കമ്മിറ്റി ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ അപകട ഭീഷണിയുള്ള മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി നോട്ടീസ് നല്‍കി. പഞ്ചായത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളുടേയും കൃത്യമായ ഇടപെടലുകളുടേയും ഫലമായി പകര്‍ച്ചവ്യാധികളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിഞ്ഞു. 
ആരോഗ്യ ജാഗ്രതപകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഏഴിക്കര സി.എച്ച്.സി യില്‍ എല്ലാ ആഴ്ചകളിലും ബ്ലോക്ക് മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങള്‍ നടത്തി വരുന്നു. ഓരോ ആഴ്ചകളിലും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടന്നു. ആരോഗ്യജാഗ്രത ലഘുലേഖകള്‍, ചെക്ക് ലിസ്റ്റ് എന്നിവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ആരോഗ്യജാഗ്രത വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വാര്‍ഡ് മെമ്പര്‍മാര്‍, വാര്‍ഡ് ചുമതലയുള്ള ഹെല്‍ത്ത് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തില്‍ ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എച്ച്.പി.ടി എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവ ശുചീകരിച്ചു.
ആരോഗ്യ ജാഗ്രത 2018 ന്റെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്വങ്ങള്‍, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച പരിശീലന ക്ലാസ് ബ്ലോക്ക് പി.എച്ച്.സി യുടെ നേതൃത്വത്തില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക ജാഗ്രതാ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജലജന്യ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ 18 പൊതുകിണറുകള്‍ ക്ലോറിനേഷന്‍ നടത്തി. ജലജന്യ രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തി. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹോട്ടലുകളില്‍ പരിശോധനകളും സി.ഒ.ടി.പി .എ റെയ്ഡും നടത്തി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കി. എലിമിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉറവിട നിര്‍മ്മാര്‍ജന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. െ്രെഡ കണ്ടെയ്‌നേഴ്‌സ്, കീ കണ്ടെയ്‌നേഴ്‌സ് എന്നിവയുടെ അശ്രദ്ധമായ ഉപയോഗം മൂലം ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളും അവയെ ചെറുക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
 

date