ഫ്‌ളക്‌സ് ബോർഡുകൾ 10 ദിവസത്തിനകം നീക്കണം
ജില്ലയിൽ സ്ഥാപിച്ച എല്ലാ വിധത്തിലുമുള്ള പി.വി.സി ഫ്‌ളക്‌സ് ബോർഡുകളും 10 ദിവസത്തിനകം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സ്ഥാപിച്ച കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ ഉൾപ്പെടെ മാറ്റാൻ നടപടി സ്വീകരിക്കണം. പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കാൻ ഫുട്ബാൾ പ്രേമികളും ക്ലബുകളും ശ്രദ്ധവെക്കണം. ഒരു കാരണവശാലും പി.വി.സി ഫ്‌ളക്‌സ് ബോർഡുകൾ വെക്കാൻ അനുവദിക്കരുത്. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായികളും സമ്മതിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന നിർദേശം നൽകിയിട്ടുണ്ട്. ഫ്കളസ് നിരോധനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച കണ്ണൂർ കോർപറേഷനെ ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അഭിനന്ദിച്ചു.
മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഭാഗമായി ശേഖരിച്ചുവെച്ച പ്ലാസ്റ്റിക് കുന്നുകൂട്ടി പ്രശ്‌നം സൃഷ്ടിക്കാതെ നീക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും യോഗം നിർദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിനായി ജാഗ്രതയോടെ പ്രവർത്തിക്കണം. കാലവർഷക്കെടുതികളും അത്യാഹിതങ്ങളും ഉണ്ടാവുമ്പോൾ ജില്ലാ ഭരണകൂടവും റവന്യു അധികൃതരുമായി ബന്ധപ്പെട്ട് ഏകോപനത്തോടെ പ്രവർത്തിക്കാനും കെടുതികൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേന്ദ്രങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും യോഗം നിർദേശിച്ചു.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, കതിരൂർ, കടന്നപ്പള്ളി-പാണപ്പുഴ, കോട്ടയം, കീഴല്ലൂർ, തൃപ്പങ്ങോട്ടൂർ, പന്ന്യന്നൂർ, കൊളച്ചേരി, കൊട്ടിയൂർ, ന്യൂമാഹി ഗ്രാമപഞ്ചായത്തുകളുടെ സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments