Skip to main content

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ  വിഡ്ഢികളാക്കപ്പെടുന്നു-കളക്ടർ

സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്ന വ്യാജവാർത്തകൾക്കെതിരെ വിദ്യാർഥികൾക്കിടയിൽ 'സത്യമേവ ജയതേ' എന്ന ബോധവത്കരണ യജ്ഞവുമായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി ജില്ലയിലെ ഹൈസ്‌കൂളുകളിലെ ഐ.ടി അധ്യാപകർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി. വാട്ട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ദിനംപ്രതി വ്യാജവാർത്തകൾ ഒന്നും നോക്കാതെ ഫോർവേഡ് ചെയ്തുവിടുന്നവർ നിരന്തരം വിഡ്ഢികളാക്കപ്പെടുകയാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. വ്യാജ വാർത്തകൾക്കും സന്ദേശങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ പ്രചരിപ്പിച്ചവർക്കെതിരെ ഉടൻ കേസെടുക്കുകയെന്നതാണ് സർക്കാർ നയമെന്നും 'നിപ' വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടി കളക്ടർ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുംമുമ്പ് അതിന്റെ ഉറവിടം അന്വേഷിക്കുക. ഉറവിടം വാട്ട്‌സാപ്പ് മാത്രമാണെങ്കിൽ അത് വ്യാജമായിരിക്കും. അതാരാണ് സൃഷ്ടിച്ചത്, തീയതി എന്നിവ പരിശോധിക്കുക. പുതിയ കാര്യങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നതാണ് വ്യാജവാർത്തകൾ പരക്കുന്നതിന്റെ മനഃശാസ്ത്രം. അത് മറ്റുള്ളവരിൽ ആദ്യമെത്തിക്കുന്നത് താനാണെന്നതിലൂടെ ലഭിക്കുന്ന ശ്രദ്ധയാണ് ഇതിന്റെ ആത്മസൃതൃപ്തി. വ്യാജവാർത്തകൾ ശബ്ദസന്ദേശമാണെങ്കിൽ അത് നൂറ് ശതമാനവും വ്യാജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർ ആത്മ നിർവൃതിയടയുന്നത് അത് അവർക്കുതന്നെ തിരിച്ചുകിട്ടുമ്പോഴാണ്. എന്നാൽ അവരെ കാത്തിരിക്കുന്നത്  പൊലീസ് നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവുമുള്ള നിയമനടപടികളാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ വളരെയധികം പങ്ക് വഹിക്കുന്നത് സാധാരണ പൊതുജനമാണെന്നും കളക്ടർ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് തന്റെ ഫോൺ നമ്പർ ചേർത്ത് വന്ന ഒരു വ്യാജ വാർത്ത സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ജില്ലാ പൊലീസ് മേധാവി ശിവവിക്രം വിവരിച്ചു. ഒരു ദിവസം കൊണ്ട് റഷ്യ, ബ്രിട്ടൻ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള കണ്ണൂർ സ്വദേശികളാണ് തന്നെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകളിൽ 99 ശതമാനവും തിരിച്ചറിയാൻ സാമാന്യബുദ്ധി മാത്രം ഉപയോഗിച്ചാൽ മതി. ഇൻറർനെറ്റ് അദ്ഭുതകരമായ വേദിയാണെങ്കിലും അതിന്റെ അമിതവും നിരുത്തരവാദപരവുമായ ഉപയോഗമാണ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഈ ബോധവത്കരണ ക്ലാസ് മൂന്ന് മാസത്തിനുള്ളിൽ ജില്ലയിലെ എട്ടു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കുമായി നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരം സമിതി ചെയർമാൻമാർ, അംഗങ്ങൾ, ഐ.ടി. അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

 

date