Skip to main content

ഇടുക്കി പാക്കേജ്: സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

 

ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട ആശയങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നതിന്   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.

പ്രാദേശികമായൊരു പദ്ധതിയല്ല, ജില്ലയ്ക്ക് മുഴുവന്‍ പ്രയോജനമായ പദ്ധതികളാണ് ഇടുക്കി പാക്കേജില്‍ വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നത്തോടെ എല്ലാ മേഖലയിലും സമഗ്രമായ പുരോഗതി കൈവരിച്ചു മുന്നിട്ട് നില്‍ക്കുന്ന ജില്ലയായി  ഇടുക്കി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സമയബന്ധതിമായി പദ്ധതി നടപ്പിലാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.  ലൈഫ് ഭവനപദ്ധതിയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ വരുത്തുകയാണെകില്‍ ഭൂ-വാസരഹിതരായ കൂടുതല്‍ പേരെ അതിന് അര്‍ഹതയുള്ളവരാക്കാന്‍ സാധിക്കും.

തോട്ടം തൊഴിലാളി മേഖലയില്‍ ഉടമസ്ഥന്റെ പക്കല്‍ നിന്നും അധികരിച്ച സ്ഥലം ഏറ്റെടുത്ത് ലയങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട് വെച്ച് നല്‍കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താം. തേയില ഉത്പാദന രംഗത്ത്  സഹകരണ സംഘങ്ങള്‍ രൂപീകരിച്ചു തേയില ശേഖരിച്ച് ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തി ത്രിവേണി, ഇക്കോ ഷോപ്പുകള്‍, സഹകരണ സ്ഥാപനങ്ങളുടെ ഷോപ്പുകള്‍ തുടങ്ങിയവ വഴി ഇടുക്കിയുടെ ബ്രാന്‍ഡ് പേരില്‍ വില്‍ക്കാന്‍ സാധിക്കും.

  നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് ജില്ലയിലുണ്ട്. മെറ്റല്‍, മണല്‍ തുടങ്ങിയവ ദൂരെ നിന്നും കൊണ്ട് വരേണ്ട അവസ്ഥയാണുള്ളത്. മൊബൈല്‍ ക്രഷര്‍ യൂണിറ്റുകള്‍ ജില്ലയില്‍ ആരംഭിക്കണം. 2018 ലെ പ്രളയത്തെ തുടര്‍ന്ന് പെരിയാറില്‍ പാറകള്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇവ ശേഖരിച്ചു മിറ്റല്‍ ആക്കി വില്‍ക്കാന്‍ സാധിക്കും. അതുപോലെ ഡാമുകളിലെ മണല്‍ ശേഖരിച്ച് ന്യായമായ വിലയ്ക്ക് ആവശ്യക്കാരന് നല്‍കാം. തൊഴിലുറപ്പ് പദ്ധതിയിലൂടെ ജനപ്രയോജനമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

ഓരോ പഞ്ചായത്തിലും വനം വകുപ്പിന്റെ സ്ഥലത്ത് അല്ലാതെ കുറഞ്ഞത് രണ്ട് ടൂറിസം കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണം. ന്യായമായ നിരക്കില്‍ ഹോം സ്റ്റേകള്‍ ഓരോ പഞ്ചായത്തിലും ലഭ്യമാക്കണം.

ജില്ലയുടെ കാര്‍ഷിക - സുഗന്ധ വിളകള്‍ ജില്ലയുടെ ബ്രാന്‍ഡ് പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തും വിറ്റഴിക്കണം. തുടങ്ങിയ വിവിധ അഭിപ്രായങ്ങളാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്.

 12000 കോടി രൂപ ഉപയോഗിച്ച് അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കുന്ന ഇടുക്കി പാക്കേജിന്റെ പ്രഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആമുഖപ്രഭാഷണം നിര്‍വഹിച്ചു.

കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലൂന്നിയുള്ള റിപ്പോര്‍ട്ടിന്റെ കരട് രേഖ ഒക്ടോബര്‍ 12 ന് മുന്‍പ് ജില്ലാതലത്തില്‍ തയ്യാറാക്കി 15 ന് സര്‍ക്കാരിന് സമര്‍പ്പിക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുന്‍ എംപി ജോയ്സ് ജോര്‍ജ്, പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികളായ കെകെ ശിവരാമന്‍, സിവി വര്‍ഗീസ്, സിപി മാത്യു, അനില്‍ കൂവപ്ലാക്കല്‍, സിബി മൂലപറമ്പില്‍, ജോസ് പാലത്തിനാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

date