Skip to main content

എലിപ്പനിക്കെതിരെ നാളെ ജില്ലയിൽ ഡോക്‌സി ഡേ 

 

 

എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നാളെ ഡോക്‌സി ഡേ ആയി ആചരിക്കുന്നു.  എലിപ്പനിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും അതുവഴി എലിപ്പനിമരണങ്ങൾ തടയുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾ അതാത് പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കൃഷിവകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുബശ്രീ എന്നിവയുമായി സഹകരിച്ചാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഓരോ പ്രദേശത്തെയും ഹൈ റിസ്ക് വിഭാഗങ്ങളിൾ അതായത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ, കൃഷിപണിയിലേർപ്പെട്ടിരിക്കുന്നവർ, ക്ഷീര കർഷകർ എന്നിവർക്കിടയിൽ എലിപ്പനി ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്. 

 

ഈ വർഷം ഇതേവരെ 258 സംശയിക്കപ്പെടുന്ന കേസുകളും 109 സ്ഥിരീകരിച്ച എലിപ്പനി  കേസുകളുമാണ്  ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ എലിപ്പനി സ്ഥിരീകരിച്ച നാലും സംശയിക്കുന്ന 14 മരണങ്ങളും  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  

രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ,  മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി  പകരുന്നത്.

 

അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു വാഹകരായ എലി, നായ, കന്ന്കാലി തുടങ്ങിയ ജീവികളുടെയും മൂത്രം ശരീരത്തിൽ തട്ടാതെയും, ആഹാരം  കുടിവെള്ളo എന്നീ  മാർഗങ്ങളിലൂടെ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാൻ സാധിക്കും.

 

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ  പ്രധാന ലക്ഷണങ്ങൾ.

 

കന്ന് കാലി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃഷി പണിയിലേർപ്പെട്ടിരിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ തുടങ്ങിയവരിലാണ്  ഈ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളത്. മഴക്കാലമായതിനാൽ  വെള്ള കെട്ടിലിറങ്ങിയവരും  ശുചീകരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നവരും  ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ  ഡോക്സിസൈക്ലീൻ ഗുളിക കഴിക്കേണ്ടതാണ്

 

മഴയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധ മരുന്നായ  ഡോക്സിസൈക്ലീൻ ഗുളിക കഴിക്കേണ്ടതാണ്.

 

മാത്രമല്ല,  ഇവർക്കു ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനടി വൈദ്യസഹായം  തേടുകയും എലിപ്പനിയല്ല എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എലിപ്പനി ലക്ഷണങ്ങൾ പ്രകടമായി ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഗുരുതരമാകുന്ന അവസ്ഥയാണ് നിലവിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന പല രോഗികളും. അതിനാൽ സ്വയം ചികിത്സ നിർബന്ധമായും ഒഴിവാക്കി യഥാസമയം  ചികിത്സ തേടുന്നത് രോഗനിർണ്ണയതിനും മരണങ്ങൾ തടയുന്നതിനും സഹായിക്കും.

 

കട്ടി കൂടിയ റബ്ബർ കാലുറകളും, കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവർത്തനങ്ങൾ  നടത്തുക.

 

കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. 

 

പനി,  തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിൻറെ മാത്രമല്ല  എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളുടെ കൂടെ  ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്.

date