Skip to main content

എന്‍ ക്യു എ എസ് കായകല്‍പ്പ അവാര്‍ഡുകള്‍ വിതരണം ചെയ്തു

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്ന എന്‍ ക്യു എ എസ് കായകല്‍പ്പ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ ടി ബി ആന്‍ഡ് എയ്ഡ്്‌സ് കണ്‍ട്രോള്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, പിആര്‍ഒ മാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.  
കൊവിഡ് മഹാമാരിക്കിടയില്‍ ഓണ്‍ലൈനായി നടത്തിയ പരിശോധനയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആറളം ഫാം, മുണ്ടേരി, ചിറക്കല്‍, ഉദയഗിരി, പുളിങ്ങോം, പട്ടുവം, കല്ല്യാശ്ശേരി, ചെറുകുന്ന് തറ, മാട്ടൂല്‍, എരമം-കുറ്റൂര്‍, ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പൊറോറ(മട്ടന്നൂര്‍), കരിയാട്(പാനൂര്‍) എന്നീ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കായകല്പ വിഭാഗത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സബ്-ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ തലത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയും ജില്ലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുളള അവാര്‍ഡ് ലഭിച്ച  കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രവുമാണ് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് ലഭിച്ച ജില്ലയുടെ നേട്ടത്തെ അടിസ്ഥാനമാക്കി ജില്ലാ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായി തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ കെ ആര്‍ ജിനേഷ് എന്നിവര്‍ സംസാരിച്ചു.

date