Skip to main content

വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കും : റവന്യൂ വകുപ്പ് മന്ത്രി നടപടിക്ക് ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി

കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍  ജില്ലാ കലക്ടര്‍ക്ക്  നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട്  മന്ത്രിയുടെ അധ്യക്ഷതയില്‍  അടിയന്തിര യോഗം  ചേര്‍ന്നാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനുളള  റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു സമീപ പ്രദേശങ്ങളിലെ വീടുകള്‍ തകരുന്നതിനും വീടുകളിലേക്ക് മഴ വെളളം ഒലിച്ചിറങ്ങുന്നതിനും ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പി. അബ്ദുള്‍ഹമീദ് എം.എല്‍.എയുടെ ആവശ്യപ്രകാരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കൊണ്ടോട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ ജില്ലാ ഭരണകൂടം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വാഴയൂര്‍, പുളിക്കല്‍ പ്രദേശങ്ങളിലെ നിലവിലെ അവസ്ഥയും ദേശീയ പാതയിലെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും  പരിഹരിക്കണമെന്നും ടി.വി ഇബ്രാഹിം എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എമാരായ  പി. അബ്ദുള്‍ഹമീദ്, ടി.വി ഇബ്രാഹിം, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ. ബിജു ഐ.എ.എസ്,  ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 

date