Skip to main content

മഴക്കെടുതി; 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 55 വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കിലെ മുഴപ്പിലങ്ങാട് ഒന്നാം വാര്‍ഡിലെ ഉട്ടന്‍മുക്ക് പ്രദേശത്തെ വെള്ളക്കെട്ടിലായതിനെത്തുടര്‍ന്ന് 35 വീടുകള്‍ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വ സ്പിന്നിങ്ങ് മിന്നില്‍ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പടന്നപ്പാലത്ത് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പിനിശ്ശേരിയിലെ കരക്കട്ട് കോളനിയില്‍ കുന്നിടിച്ചലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ രണ്ട് വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പ് താലൂക്കില്‍ ആറ് വീടുകളും തലശ്ശേരി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ട സാഹചര്യമില്ല.

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ ക്രമത്തില്‍.
കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍-0497 2704969, തലശ്ശേരി -0490 2343813, തളിപ്പറമ്പ്-0460 2203142, ഇരിട്ടി - 0490 2494910, പയ്യന്നൂര്‍ - 04985 204460

date