Skip to main content

ഇടുക്കി പാക്കേജ്: തൊടുപുഴ നഗരസഭ; പദ്ധതികള്‍ സമര്‍പ്പിച്ചു

ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭയുടെ വിവിധ മേഖലയുടെ വികസനം ഉദ്ദേശിച്ചുള്ള പദ്ധതികളുടെ പട്ടിക ഇടുക്കി പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന് കൈമാറിയതായി നഗരസഭാ ചെയര്‍മാന്‍  സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന രീതിയിലാണ് പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകരുടെ ജീവിത നിലവാരം ഉയരാത്തതും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ട വിപണിയും വിലയും ലഭിക്കാത്തതും മുന്‍നിര്‍ത്തി പുത്തന്‍ സാങ്കേതിക മികവോടെ കര്‍ഷകരെ ആകര്‍ഷിക്കുകയും കൃത്യമായ വരുമാനം ഉറപ്പിക്കുന്നതിനുമായി  ലക്ഷ്യമിട്ട്  മുതലക്കോടം പാടശേഖര സമിതിയുടെ സ്ഥലത്ത് കെട്ടിട സമുച്ചയം  പണിയുന്നതിന് പദ്ധതി വിഭാവം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി ആശുപത്രി സ്ഥാപിക്കല്‍, വെങ്ങല്ലൂര്‍, കുമ്മംകല്ല്, മഠത്തിക്കളം, പഴുക്കാകുളം എന്നിവിടങ്ങളില്‍ പുതിയ പി.എച്ച്.സി. സ്ഥാപിക്കല്‍, പാറക്കടവിലെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ അപ്ഗ്രഡേഷന്‍ തുടങ്ങി സമഗ്രമായ ആരോഗ്യ വികസനത്തിനാണ് നഗരസഭ ഉദ്ദേശിക്കുന്നത് എന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇടുക്കി ടൂറിസത്തിന്റെ പ്രധാന ഒരു ഹബ് ആക്കി തൊടുപുഴയെ മാറ്റുന്നതിനുള്ള പദ്ധതികള്‍, നഗരസഭാ ഡമ്പിംഗ് യാര്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ആധുനിക ഫാം ഉള്‍പ്പെടെ മൃഗസംരക്ഷണ പദ്ധതി, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉള്‍പ്പെടുന്ന ശുചിത്വ പദ്ധതികള്‍, കലാ-കായിക മേഖലയിലെ വിവിധ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതികള്‍, സമഗ്രമായ ബിഎംബിസി ഉള്‍പ്പെടെയുള്ള മരാമത്ത്  വേലകള്‍, ഭവന നിര്‍മ്മാണം, വിധവകള്‍ക്ക് തൊഴിലവസരങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളേയും ബന്ധപ്പെടുത്തുന്ന പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളതെന്നും ചെയര്‍മാന്‍ അറിയിച്ചു.

date