Skip to main content

കൊണ്ടോട്ടി താലൂക്ക് ആശുപത്രി: കിഫ്ബിയില്‍ നിന്നും 32.34 കോടി രൂപയുടെ ഭരണാനുമതി പുതിയ തസ്തികകള്‍ പരിഗണിക്കും

 

കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പുതിയ തസ്തികകള്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ ടി.വി ഇബ്രാഹീം എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇന്‍കെലിനാണ് ആശുപത്രിയുടെ വികസന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. 

 

കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ്ക്വട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന ആശുപത്രിയാണിത്. 29 കിടക്കകള്‍ അനുവദിച്ചിട്ടുള്ള ആശുപത്രിയില്‍ കോവിഡിന് മുന്‍പ് ശരാശരി 800 - 1200 ഒ.പിയും 25 ഐ.പിയും ഉണ്ടായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് സൗകര്യം, പാലിയേറ്റിവ് രോഗികള്‍ക്കുള്ള ഹോംകെയര്‍ വിഭാഗം, ക്ഷയരോഗ നിയന്ത്രണ വിഭാഗം, പൊതുജന ആരോഗ്യ വിഭാഗം, മാതൃ ശിശു സംരക്ഷണ ആരോഗ്യ വിഭാഗം, കാഴ്ച പരിശോധന വിഭാഗം, സെക്കന്‍ഡറി പാലിയേറ്റിവ് വിഭാഗം, മാനസിക ആരോഗ്യവിഭാഗം ഒ.പി, എന്‍.സി.ഡി ഒ.പി തുടങ്ങിയവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സര്‍ജന്‍ മൂന്ന്, ജൂനിയര്‍ കണ്‍സള്‍റ്റെന്റ്  ഒന്ന്, അസിസ്റ്റന്റ് സര്‍ജന്‍  മൂന്ന്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നാല് എന്നിങ്ങനെ 11 ഡോക്ടര്‍ തസ്തികകളാണ് നിലവിലുള്ളത്. എട്ട് സ്റ്റാഫ് നഴ്സ്, രണ്ട് ലാബ് ടെക്നീഷ്യന്‍, രണ്ട് ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 52 ജീവനക്കാരുടെ സ്ഥിരം തസ്തികകളും  ഒരു ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് താത്ക്കാലിക ജീവനക്കാര്‍ എന്‍.എച്ച്.എം മുഖേനയും ഒന്‍പത് ജീവനക്കാര്‍ എച്ച്.എം.സി മുഖേനയും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒന്ന്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നാല്, സ്റ്റാഫ് നഴ്സ് നാല്, ലാബ് ടെക്നീഷ്യന്‍ ഒന്ന്, ഹോസ്പിറ്റല്‍ അറ്റന്‍ഡ് ഗ്രേഡ് 2 -1 എന്നിങ്ങനെ 11 തസ്തികകളും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്റ്റാഫ് നഴ്സ് രണ്ട്, ഫാര്‍മസിസ്റ്റ് ഒന്ന് എന്നീ മൂന്ന് തസ്തികകളും കൂടുതലായി അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും അധിക തസ്തികകള്‍ സൃഷ്ടിക്കുവാന്‍ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

date