Skip to main content

ശിശുദിനസ്റ്റാമ്പ് 2021: ചിത്രങ്ങള്‍ ക്ഷണിച്ചു

കേരള സംസ്ഥാന ശിശുക്ഷേമ സമിതി നവംബര്‍ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2021 നായി ചിത്രങ്ങള്‍ ക്ഷണിച്ചു. 'ഇന്ത്യന്‍ കര്‍ഷകന്‍-ഒരു നേര്‍ക്കാഴ്ച' എന്ന ആശയത്തില്‍ നാലു മുതല്‍ പ്ലസ്ടുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് എന്നിവയില്‍ ഒന്ന് ഉപയോഗിക്കാം. 15 ഃ 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5 ഃ 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ അസ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിര്‍വഹിക്കുന്നതായിരിക്കും ഉചിതം.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാര്‍ഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നല്‍കി ശിശുദിന സ്റ്റാമ്പ് പ്രകാശന ചടങ്ങില്‍ ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, വയസ്സ്, സ്‌കൂളിന്റെയും വിദ്യാര്‍ഥിയുടെ വീടിന്റേയും ഫോണ്‍ നമ്പരോടുകൂടിയ മേല്‍വിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.
ചിത്രരചനകള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ നവംബര്‍ മൂന്ന്  വരെ നല്‍കാം. കവറിനു പുറത്ത് 'ഇന്ത്യന്‍ കര്‍ഷകന്‍-ഒരു നേര്‍ക്കാഴ്ച' എന്ന് എഴുതിയിരിക്കണം.

date