മത്സ്യബന്ധനത്തിനിടെ കടലില്‍ മുങ്ങി മരിച്ച ഹംസയുടെ കുടുംബത്തിന് 20 ലക്ഷം സര്‍ക്കാര്‍ ധനസഹായം
പടിഞ്ഞാറേക്കര അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച താനൂര്‍ അഞ്ചുടി സ്വദേശി കുട്ടിയാമുവിന്റെ പുരക്കല്‍ ഹംസയുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ അടിയന്തര സര്‍ക്കാര്‍ ധനസഹായം. മത്സ്യ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് 10 ലക്ഷം രൂപയും മത്സ്യഫെഡ്ഡില്‍ നിന്ന് 10 ലക്ഷം രൂപയും അനുവദിക്കുമെന്ന് വി അബ്ദുറഹ്മാന് എം.എല്‍.എ അറിയിച്ചു. ബുധനാഴ്ച രാവിലെ കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് ഹംസയെ കടലില്‍ കാണാതായത്. മത്സ്യത്തൊഴിലാളിക്കായി പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്തു നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം ചാവക്കാട് താലൂക്കാ ശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അഞ്ചുടി ജുമുഅ മസ്ജിദില്‍ ഖബറടക്കി. അപകടത്തെ തുടര്‍ന്ന് വി അബ്ദുറഹ്മാന് ഇടപെട്ട് അടിയന്തര സമാശ്വാസ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
- Log in to post comments