Skip to main content

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

 

     കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്), തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങാന്‍ മത്സ്യത്തൊഴിലാളി വനിത സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, ഫിഷ് ബൂത്ത്, കക്ക സംസ്‌കരണ യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ്/ഹോട്ടല്‍, ഫ്രഷ്ഫിഷ് കിയോസ്‌ക്, കയര്‍ പ്രൊഡക്ഷന്‍ യൂണിറ്റ്, ഫ്ളോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സര്‍വ്വീസ്, പ്രൊവിഷന്‍ സ്റ്റോര്‍, തയ്യല്‍ യൂണിറ്റ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, കംപ്യൂട്ടര്‍ സെന്റര്‍, ട്യൂഷന്‍ സെന്റര്‍ എന്നീ യൂണിറ്റുകള്‍ പദ്ധതിയില്‍ ആരംഭിക്കാം.

     അപേക്ഷകര്‍ ഫിഷറീസ് ഡിപ്പാര്‍ട്ടമെന്റിന്റെ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍ അംഗങ്ങളായിരിക്കണം. ഒരു ഗ്രൂപ്പില്‍ രണ്ട് മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ ആകാം. വെള്ളപ്പൊക്കം, ഓഖി, മുതലായ പ്രകൃതി ദുരന്തങ്ങള്‍ നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവര്‍, തീരനൈപുണ്യ കോഴ്സ് പഠിച്ച വനിതകള്‍, ശാരീരിക വൈകല്യമുള്ള കുട്ടികളുള്ള വനിതകള്‍, വിധവകള്‍, ട്രാന്‍സ്ജന്‍ഡേഴ്സ്, മുതലായ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രത്യേക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് (ട്രാന്‍സ്ജന്‍ഡേഴ്സ്, വിധവകള്‍, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍)കൂടിയ പ്രായപരിധി 50 വയസ്സ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവരായിരിക്കണം. അപേക്ഷകര്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനോ മറ്റു ജീവനോപാധി പദ്ധതികള്‍ക്കോ സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചവരാകരുത്. അപേക്ഷ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍  30 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 9495801822, 9061569467, 8078762899.

date