Skip to main content
 ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നെല്ലിക്കുന്നില്‍ ലൈറ്റ് ഹൗസ് പരിസരത്തെ കടല്‍ത്തീരത്തെ ശുചീകരണം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

മാലിന്യങ്ങള്‍ നീക്കി... നെല്ലിക്കുന്ന് തീരം ക്ലീനായി

കടല്‍ക്കരയിലാകെ പരന്നു കിടന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളും ചെരുപ്പുകളും കുപ്പികളും ആയിരുന്നു. കടല്‍ത്തീരത്തിന്റെ ഭംഗി കെടുത്തുന്ന മാലിന്യങ്ങളെ പെറുക്കിയെടുത്ത് ശുചീകരിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കടലോരം മാലിന്യമുക്തമായി. ഉപയോഗ ശേഷം കടലിലേക്ക് വലിച്ചെറിഞ്ഞ് കടല്‍ തന്നെ കരയിലേക്കെത്തിച്ചവയും തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആളുകള്‍ നിക്ഷേപിച്ചതുമായ മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്.
പ്ലാസ്റ്റിക്, കുപ്പികള്‍ തുടങ്ങിയവ പ്രത്യേകമായി തരം തിരിച്ചാണ് ശേഖരിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ക്ലീന്‍ ഇന്ത്യ പദ്ധതിയില്‍ നെല്ലിക്കുന്നിലെ ലൈറ്റ് ഹൗസ് പരിസരത്തെ കടല്‍ത്തീരം ശുചീകരിച്ചത്. വരും ദിവസങ്ങളില്‍ മറ്റു തീരങ്ങളിലും പൊതുജനങ്ങള്‍ എത്തുന്ന നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും ശുചീകരണം നടത്തും. കേന്ദ്ര യുവജന കായിക മന്ത്രാലയം, നെഹ്രു യുവ കേന്ദ്ര, കാസര്‍കോട് നഗരസഭ, കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി.
കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഖാലിദ് പച്ചക്കാട്, അബ്ബാസ് ബീഗം, കൗണ്‍സിലര്‍മാരായ എം.ഉമ, മുഷ്താഖ്, കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്.ബിജു, ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍.പി. എന്നിവര്‍ പങ്കെടുത്തു.

 

date