Skip to main content

  സ്കൂളുള്‍ തുറക്കല്‍; മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍

ബസുകളുടെ ഫിറ്റ്നസ് 29നകം ഉറപ്പാക്കണം

 

ആലപ്പുഴ: ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ആലപ്പുഴ ജില്ലയിലെ സ്കൂളുകളില്‍ നടന്നുവരുന്ന അവസാന ഘട്ട ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കുന്നതിന്‍റെ  തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

സ്കൂളുകളില്‍ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നടപടികളുടെയും ശുചീകരണത്തിന്‍റെയും ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്.  പഞ്ചായത്ത് സെക്രട്ടറിമാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. കെട്ടിടം, വാഹനങ്ങള്‍, പരിസര ശുചിത്വം, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വാക്സിനേഷന്‍ സ്ഥിതി  തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ച് സാഹചര്യം സുരക്ഷിതമെന്ന് സ്ഥിരീകരിച്ച ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുക.

പഞ്ചായത്തുകളില്‍ നിലവില്‍ ലഭ്യമായ ശുചിത്വ മിഷന്‍ ഫണ്ട് വിനിയോഗിച്ച്  ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. ജില്ലയിലെ എല്ലാ സ്കൂള്‍ ബസുകളും പരിശോധ നടത്തി ഈ മാസം 29നുള്ളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഉപജില്ലാതലത്തില്‍ സ്കൂളുകളില്‍ നിന്ന് ശേഖരിച്ച കുടിവെള്ള സാന്പിളുകളുടെ പരിശോധന ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വകുപ്പ് മേധാവികള്‍ യോഗത്തില്‍ വിശദീകരിച്ചു.  ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. ആര്‍. ഷൈല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date