Skip to main content

കലക്കവെള്ളം ശുചീകരിക്കാന്‍ സൂപ്പര്‍ ക്ലോറിനേഷനുമായി ജല അതോറിറ്റി    

 

     കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന്‌ മലമ്പുഴ ഡാമില്‍ നിന്നും  വീടുകളിലെത്തുന്ന കലങ്ങിയ കുടിവെള്ളം ശുദ്ധീകരിക്കാന്‍ ജല അതോറിറ്റി സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ള നടപടി സ്വീകരിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ആലവും ലൈമും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചാണ് ക്ലോറിനേഷന്‍ നടത്തുന്നത്.
 കനത്ത മഴ പെയ്ത ദിവസങ്ങളില്‍ 50 യൂനിറ്റിനു മുകളിലായിരുന്നു വെള്ളത്തിലെ ചെളിയുടെ തോത്( വാട്ടര്‍ ടര്‍ബിഡിറ്റി)്. ഇപ്പോള്‍ ഇത് 15 യൂനിറ്റായി കുറഞ്ഞിട്ടുണ്ടെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെളിയുടെ അംശം മൂന്ന് യൂനിറ്റായി കുറച്ച ശേഷമാണ് പൈപ്പുവഴി ജലവിതരണം നടത്തുന്നത്. ജലം ശേഖരിക്കുന്ന പാത്രങ്ങള്‍,ടാങ്കുകള്‍ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കിയും പാത്രങ്ങളുടെയും ടാങ്കുകളുടെയും അടിത്തട്ടില്‍ അടിയുന്ന ചെളി നീക്കം ചെയ്തും  ചെളി പ്രശ്നം പരിഹരിച്ചു പോരുന്നുണ്ട്.  വെള്ളം കലങ്ങിയതോടെ മധ്യത്തിലുള്ള വാല്‍വ് വഴിയാണ് ഇപ്പോള്‍ ഡാമില്‍ നിന്നും വെള്ളം ശുദ്ധീകരണത്തിനായി എടുക്കുന്നത്. മുന്‍പ് ഡാമിന്‍റെ ഏറ്റവും അടിത്തട്ടിലുള്ള വാല്‍വ് വഴിയാണ് വെള്ളം എടുത്തിരുന്നത്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഡാമിന്‍റെ അടിത്തട്ട് വരെ കലങ്ങി മറിഞ്ഞിട്ടുണ്ട്. മലയോരങ്ങളില്‍ നിന്നും വെള്ളം ശക്തിയായി കുത്തിയൊലിച്ച്‌ വന്നതാണ് വെള്ളം കലങ്ങാന്‍ കാരണം. ആയിരക്കണക്കിന് ആളുകളുടെ ഏക കുടിവെള്ള സ്രോതസായതിനാല്‍ മഴ കനത്താലും വെള്ളം പമ്പ് ചെയ്യുന്നത് നിറുത്തി വയ്ക്കാനാവില്ല.  

date