Skip to main content
മെറിറ്റ് പദ്ധതി അനുമോദന പരിപാടി മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു.

മോഡല്‍ റെഡിഡന്‍ഷല്‍ കോളെജുകള്‍ സജ്ജമാക്കും: മന്ത്രി എ.കെ ബാലന്‍

 

മോഡല്‍ റെസിഡന്‍ഷല്‍ സ്ക്കൂളുകളെന്ന പോലെ മോഡല്‍ റെസിഡന്‍ഷല്‍ കോളെജുകള്‍ തുടങ്ങുമെന്ന് പട്ടികവര്‍ഗ- പട്ടികജാതിജാതി- പിന്നാക്കക്ഷേമ-നിയമ- സാംസ്കാരിക- പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.ഇതുമായ ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി,
വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തില്‍ തരൂര്‍ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മെറിറ്റ്' ന്‍റെ  ഭാഗമായി 2017-18 അധ്യയന വര്‍ഷം മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയവര്‍ക്കുളള അനുമോദന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെറിറ്റ് പദ്ധതിയുടെ ചെയര്‍മാനും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ സി.കെ. ചാമുണ്ണി അധ്യക്ഷനായ പരിപാടിയില്‍ മണ്ഡലത്തില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ 186 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.എസ്.എസ്.എല്‍.സി.യില്‍ 143 വിദ്യാര്‍ഥികളും പ്ലസ്ടുവില്‍ 43 പേരുമാണ് സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയത്. കോട്ടായിയില്‍ ആറും കണ്ണമ്പ്രയില്‍ അഞ്ചും കോടി ചെലവിട്ട് ആധുനിക സൗകര്യത്തോടെ കളിസ്ഥലങ്ങള്‍ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണമ്പ്രയില്‍ ദേശീയ പാതയോട് ചേര്‍ന്ന് കിഫ്ബിയില്‍ നിന്ന് 100 കോടി ചെലവിട്ട് ക്രാഫ്റ്റ് വില്ലേജ് സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ സംസ്ഥാനത്തെ കരകൗശലവിദഗ്ധര്‍ക്ക് കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനും വില്‍ക്കാനും അവസരമുണ്ടാകും ആവശ്യമെങ്കില്‍ ക്രാഫ്റ്റ് വില്ലേജിന് കേന്ദ്രം സഹായവും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 1000-ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കണ്ണമ്പ്ര വ്യവസായ പാര്‍ക്കും  പുരോഗമനത്തിന്‍റെ പാതയിലാണെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി.
    തരൂര്‍ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ രണ്ട് സ്കൂളുകളെയും ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തിയ വടക്കഞ്ചേരി മദര്‍ തെരേസ സ്കൂളിനെയും പരിപാടിയുടെ ഭാഗമായി അനുമോദിച്ചു. മണ്ഡലത്തിലെ 38 ഗ്രന്ഥശാലകള്‍ക്ക് കംപ്യൂട്ടര്‍, എല്‍സിഡി സ്ക്രീന്‍, പ്രൊജക്ടര്‍ എന്നിവയും മന്ത്രി വിതരണം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ടി. ഔസേഫ്, ലീല മാധവന്‍, വി.മീനാകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍,  മെറിറ്റ്  പദ്ധതി കണ്‍വീനര്‍ എന്‍.പി. ജയപ്രകാശ്, മെറിറ്റ് ഉപദേശക സമിതി അംഗങ്ങളായ കെ.എന്‍. സുകുമാരന്‍, കെ.വാസുദേവന്‍പ്പിള്ള, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍   പങ്കെടുത്തു.

 

date