Skip to main content

സ്‌കൂളുകള്‍ ഉണര്‍ന്നു; കോവിഡ് പ്രതിരോധം തീര്‍ത്ത് ക്ലാസുകള്‍

 

ആലപ്പുഴ: കൂട്ടുകാരെയും അധ്യാപകരെയും നേരില്‍ കണ്ടതിന്റെ ആഹ്‌ളാദം മാസ്‌കിന്റെ മറയെ തോല്‍പ്പിച്ച് കുട്ടികളുടെ മുഖങ്ങളില്‍ തിളങ്ങി. ബഞ്ചില്‍ ഇരുന്നപ്പോള്‍ പലരും ക്ലാസ് മുറിയിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടുകൂടാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ആവേശത്തോടെ അടുത്തവര്‍ കോവിഡ് പ്രതിരോധ പാഠങ്ങളോര്‍ത്ത് സ്വയം പിന്‍വാങ്ങി. പ്രതിരോധം മറന്നവര്‍ക്ക് അധ്യാപകര്‍ മുന്നറിയിപ്പു നല്‍കി.

 

നീണ്ട ഇളവേളയ്ക്കുശേഷം ജില്ലയിലെ സ്‌കൂളുകള്‍  അത്യപൂര്‍വ്വമായ പ്രവേശനോത്സവത്തിനാണ് സാക്ഷ്യം വഹിച്ചത്. കോവിഡ് പ്രതിരോധം ഉറപ്പാക്കിയാണ് 729 സ്‌കൂളുകളിലും 121 ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളിലും 20 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്നലെ ക്ലാസ് തുടങ്ങിയത്. 

 

ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ക്ലാസുകളിലേക്ക് കടത്തിവിട്ടത്. സമ്മാനങ്ങളും പായസവും മിഠായിയുമൊക്കെ നല്‍കി അധ്യാപകര്‍ അവരെ  വരവേറ്റു. കേരളപ്പിറവി ദിനത്തില്‍ ഏറെ അധ്യാപകരും വിദ്യാര്‍ഥികളും കേരളീയ വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. 

 

ജില്ലാതല  പ്രവേശനോത്സവം അമ്പലപ്പുഴ കെ.കെ കുഞ്ചുപിള്ള സ്മാരക സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ അധ്യക്ഷയായി.  

 

വൈസ് പ്രസിഡന്റ് വിപിന്‍. സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റാണി തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. ആര്‍. ഷൈല, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, ഗ്രാമ പഞ്ചായത്തംഗം കെ. മനോജ് കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദീപ റോസ്, പിന്‍സിപ്പല്‍ സൈനി ഹമീദ്, പ്രഥമാധ്യാപിക എല്‍. അനുപമ, പി.ടി.എ പ്രസിഡന്റ് ബിന്ദു ബൈജു, എം.എസ്.സി ചെയര്‍പേഴ്സണ്‍ പി. ലിഷ, തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുന്നപ്ര ഗവണ്മെന്റ് ജെ.ബി സ്‌കൂളില്‍ നടന്ന ഉപജില്ലാതല പ്രവേശനോത്സവം ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാര്‍ഥികളും കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എം.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തി. 

 

എസ്.എം.സി ചെയര്‍മാന്‍ ടി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, സ്‌കൂള്‍ എച്ച് എം മുഹമ്മദ് കബീര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല, ഉപജില്ലാ ഓഫീസര്‍ കെ മധുസൂദനന്‍, തുടങ്ങിയവര്‍ സന്നിഹിതരായി.

 

ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിനായി രണ്ടു ബാച്ചുകളാണ് ക്ലാസ് നടത്തുന്നത്. കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌കുകള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ നിന്നുതന്നെ ഉച്ചഭക്ഷണം നല്‍കിത്തുടങ്ങി. കോവിഡ് പ്രതിരോധ ബോധവത്കരണ പോസ്റ്ററുകള്‍ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

date