Skip to main content

കേരളപ്പിറവി ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊന്നാനി നഗരസഭയുടെ ആദരം

 

പൊന്നാനി നഗരസഭാ പരിധിയില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ നഗരസഭ ആദരിച്ചു. പൊന്നാനി നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന താലൂക്ക് ആശുപത്രി, ഈഴുവത്തിരുത്തി പി.എച്ച്.എസി എന്നിവിടങ്ങളിലെ വാക്സിനേഷന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് നഗരസഭാ ഭരണ സമിതി ആദരിച്ചത്. കൂടാതെ 51 വാര്‍ഡുകളിലെ ആശാ പ്രവര്‍ത്തകരേയും നഗരസഭയുടെ പരിരക്ഷാ പ്രവര്‍ത്തകരേയും പരിപാടിയില്‍ ആദരിച്ചു.
 

ജനകീയ ഇടപെടലുകളിലൂടെയും മാസ് ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് നഗരസഭയില്‍ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ച് ഒറ്റദിവസം കൊണ്ട് രണ്ടായിരത്തിലധികം വാക്സിന്‍ നല്‍കി റെക്കോര്‍ഡിട്ട നഗരസഭ കൂടിയാണ് പൊന്നാനി. ഭിന്നശേഷിക്കാര്‍ക്കും മാരക രോഗികള്‍ക്കും വയോജനങ്ങള്‍ക്കുമായും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കിടപ്പിലായ രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിനെടുക്കാനും നഗരസഭയ്ക്ക് കഴിഞ്ഞു. വാക്സിനേഷന്‍ വ്യാപകമാക്കുന്നതിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും വാര്‍ഡുകള്‍ തിരിച്ചുള്ള സഞ്ചരിക്കുന്ന വാക്സിനേഷന്‍ യൂണിറ്റുകളും നഗരസഭ സംഘടിപ്പിച്ചു. തിരുവോണ നാളിലും അവധിയെടുക്കാതെ, നിരവധി പ്രധാന ആഘോഷദിനങ്ങളിലും ഒഴിവു ദിവസങ്ങളിലും പൊതുജനങ്ങള്‍ക്കായി ക്യാമ്പ് നടത്തി കോവിഡ് വാക്സിന്‍ നല്‍കിയ നഗരസഭയാണ് പൊന്നാനി.
തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ അധ്യക്ഷയായ പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാസുദേശന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍ ബിയ്യം, ഗിരീഷ് കുമാര്‍, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് സുജിത്ത് ഗോപിനാഥ്, ഈഴുവത്തിരുത്തി പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്വാമിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date