Skip to main content

ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾ വാതിൽപ്പടി സേവനത്തിലേക്ക്

***പദ്ധതിയുടെ ആദ്യഘട്ടം കാട്ടാക്കട നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ

കാട്ടാക്കട നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ വാതിൽപ്പടി സേവനം നിലവിൽ വന്നു. ജില്ലയിൽ ആദ്യഘട്ടത്തിൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് വാതിൽപ്പടി സേവനം നടപ്പാക്കുന്നത്. കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു. മലയിൻകീഴ്, മാറനല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ അതത് പഞ്ചായത്ത് പ്രസിഡന്റുമാരാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.  പള്ളിച്ചൽ പഞ്ചായത്തിൽ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (നവംബർ രണ്ട്) നടക്കും.

മാതൃകാ പദ്ധതി തന്റെ മണ്ഡലത്തിൽ തന്നെ ആദ്യമായി നടപ്പാക്കുന്നതിൽ അഭിമാനമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകുന്ന സന്നദ്ധപ്രവർത്തകർ സേവന തല്പരർ ആകണമെന്നും ഗുണഭോക്താക്കളുടെ പട്ടിക സുതാര്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്കും അറിവില്ലായ്മയോ മറ്റ് കാരണങ്ങളാലോ സർക്കാർ സേവനങ്ങൾ യഥാസമയം ലഭിക്കാത്തവർക്കും വീട്ടുപടിക്കൽ സർക്കാർ സേവനങ്ങളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെ എത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ 73 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് .

date