Skip to main content

ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് കരുതലോടെ കുരുന്നുകള്‍  സ്‌കൂളുകളിലെത്തി

 

മാസ്‌ക്കിട്ട്, ഗ്യാപ്പിട്ട്  കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക്. ഒന്നര വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്‌കൂളിലേക്കെത്തുമ്പോള്‍ അധ്യാപകരും രക്ഷിതാക്കളും വളരെ കരുതലോടെയാണ് കുട്ടികളെ വരവേറ്റത്.. നീണ്ട കാലത്തെ അടച്ചിടലിനുശേഷം ഇന്നലെ (1)   ജില്ലയിലെ സ്‌കൂളുകള്‍ തുറന്നു. ഇതിന് മുന്നോടിയായി, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ, പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

സാമൂഹിക അകലം പാലിച്ച് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സാനിറ്റൈസര്‍ നല്‍കി ശരീരോഷ്മാവ് പരിശോധിച്ചാണ് ക്ലാസിലേക്ക് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസ് ഉണ്ടാവുക. ഉച്ചഭക്ഷണത്തിനുള്ള സൗകര്യവും സ്‌കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.  കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ബയോ ബബിള്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരേ പ്രദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചാണ് ബയോ ബബിള്‍  രീതി അവലംബിച്ചിരിക്കുന്നത്. സ്‌കൂളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഇടവേള വരെ ഗ്രൂപ്പുകള്‍ തിരിച്ചാണ് കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുഖേന  അടിയന്തര ആവശ്യങ്ങള്‍ക്കായി 40 ലക്ഷം രൂപ കരുതല്‍ ധനമായി നല്‍കിയിട്ടുണ്ടെന്നു  പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി  അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രവേശനോത്സവ സന്ദേശം നല്‍കി. സ്‌കൂള്‍ വരാന്തകളിലും പരിസരത്തും കോവിഡ് ബോധവല്‍ക്കരണ പോസ്റ്ററുകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.  പരിപാടിയില്‍ കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍  ജോയി ആനിത്തോട്ടം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മായാ ബിജു, 
 ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ കുര്യാക്കോസ്,  ധന്വാ അനില്‍കുമാര്‍, തുടങ്ങിയവരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കട്ടപ്പന  സെയ്തലവി മങ്ങാട്ട്പറമ്പന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവാസ് വിഎ,  ലോഹിദാസന്‍,  ഷാജിമോന്‍ പികെ, ഷാജി പിബി, തുടങ്ങി അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ മധുരം നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പോസ്റ്ററുകളായി സ്‌കൂളിലെ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശരീരോഷ്മാവ് കൂടുതലായവര്‍, എന്തെങ്കിലും രോഗലക്ഷണങ്ങളുള്ള  കുട്ടികളെ നിരീക്ഷിക്കാന്‍ സിക്ക് റൂമും സ്‌കൂളില്‍ തയ്യാറാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കും. അവരുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലായി 87 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ബാച്ചുകളിലായിട്ടാണ് പഠനം ആരംഭിച്ചിരിക്കുന്നത്. 

പ്രവേശനോത്സവത്തില്‍ പൊതുയോഗം ഒഴിവാക്കിയിരുന്നു. ജില്ലാപഞ്ചായത്തംഗം കെ.ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി. നൗഷാദ്, നിമ്മി ജയന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആംശസകള്‍ അര്‍പ്പിച്ചു.

അടിമാലി മേഖലയിലെ വിവിധ സ്‌കൂളുകളിലും വിപുലമായ പ്രവേശനോത്സവ പരിപാടികള്‍ നടന്നു.ഇതോടെ ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം അടിമാലി മേഖലയിലും കലാലയാന്തരീക്ഷം സജീവമായി.അടിമാലിയിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ ആഘോഷമായി പ്രവേശനോത്സവം സംഘടിപ്പിച്ചു.ആയിരമേക്കര്‍ ജനത യു പി സ്‌കൂളിലായിരുന്നു അടിമാലി ഉപജില്ലാ തല പ്രവേശനോത്സവ ചടങ്ങുകള്‍ നടന്നത്.വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുബിജു പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം റോയി പാലക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ ഇ ഒ വത്സമ്മ ഒ റ്റി, മിസറി പരീക്കുട്ടി, പിടിഎ ഭാരവാഹികള്‍, ബി ആര്‍ സി പ്രതിനിധികള്‍,അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും വിപുലമായ പ്രവേശനോത്സവ ചടങ്ങുകള്‍ സംഘടിപ്പിച്ചു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു കുരുന്നുകളെ കലാലയ മുറ്റത്തേക്ക് ആനയിച്ചത്.എസ് എം സി ചെയര്‍മാന്‍ തമ്പി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,അധ്യാപകര്‍,രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.കുട്ടികളെ സ്വീകരിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ വിദ്യാലയങ്ങളില്‍ മുന്നെ നടത്തിയിരുന്നു.വിദ്യാലയങ്ങളില്‍ നടത്തിയിട്ടുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച സംതൃപ്തി രക്ഷിതാക്കളും പങ്ക് വച്ചു.സാമൂഹിക അകലമടക്കമുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആദ്യ ദിവസത്തെ സ്‌കൂള്‍ ദിനം കടന്നു പോയത്.വരും ദിവസങ്ങളില്‍ ക്ലാസുകള്‍ നടക്കേണ്ടത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

 പീരുമേട് താലൂക്ക് സ്‌ക്കൂള്‍ പ്രവേശനോല്‍സവം  ഉദ്ഘാടനം വെള്ളാരംകുന്ന് സെന്റ ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വാഴൂര്‍ സോമന്‍  എം.എല്‍.എ നിര്‍വഹിച്ചു.വിദ്യാഭ്യാസം എന്നത് സ്‌കൂള്‍, കോളേജ് പഠിപ്പുകള്‍ മാത്രമല്ല. ജീവിതത്തെ പഠിക്കലാണ്; സമൂഹത്തെ പഠിക്കലാണ്. അതിന്റെ അഭാവത്തില്‍ ഔപചാരിക വിദ്യാഭ്യാസം അര്‍ത്ഥമില്ലാത്തതായിപ്പോവും. മറ്റെല്ലാ ബുദ്ധിയുമുണ്ട്, സാമാന്യബുദ്ധിയില്ല എന്നുവന്നാല്‍ എന്തു പ്രയോജനം? അതുകൊണ്ട് സാമാന്യബുദ്ധിയോടെ സമൂഹത്തെ നിരീക്ഷിക്കാന്‍ കഴിയണം. ജീവിതത്തെ നിരീക്ഷിക്കാന്‍ കഴിയണം. അതിന് ആദ്യം നിങ്ങള്‍ നിങ്ങളുടെ നാട്ടിന്‍പുറത്ത് കാണുന്ന ചെടികളെയും പൂക്കളെയും ഒക്കെ സ്‌നേഹിക്കാന്‍ പഠിക്കണം. അങ്ങനെ പ്രകൃതിയോട് തോന്നുന്ന സ്‌നേഹമാണ് കൂടെ പഠിക്കുന്നവരോട് ആകെയുള്ള സ്‌നേഹമായി മാറേണ്ടത്. അത്തരം സ്‌നേഹത്തിന്റേതായ ഒരു അന്തരീക്ഷത്തില്‍ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നുവരുന്നു എന്നുറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും ശ്രദ്ധവെക്കണമെന്ന് അ്‌ദ്ദേഹം പറഞ്ഞു. 

കുട്ടികള്‍ക്കായി 'കിഡ്സ് വോയ്സ്' റേഡിയോയുമായി കോളപ്ര ഗവ. എല്‍.പി. സ്‌കൂള്‍

കോവിഡ് മഹാമാരിക്ക് ശേഷം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി 'കിഡ്സ് വോയ്സ്' റേഡിയോ എന്ന അക്കാദമിക് പദ്ധതിയുമായി കോളപ്ര ഗവ. എല്‍.പി. സ്‌കൂള്‍. പ്രവേശനോത്സവത്തോട് അനുബന്ധിച്ച്  'കിഡ്സ് വോയ്സ്' റേഡിയോ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം വീടുകളില്‍ നിന്നും സ്‌കൂളിലേക്ക് മാറുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിനോദ പരിപാടികളോടൊപ്പം വിജ്ഞാന പ്രദമായവയും ഉള്‍പ്പെടുത്തി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത് ക്ലാസ് അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യുകയാണ് 'കിഡ്സ് വോയ്സ്' ലൂടെ ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട തത്സമയ പരിപാടികളും കുട്ടികളെ കേള്‍പ്പിക്കും. സ്‌കൂള്‍ എസ്എംസി, പിടിഎ, എംപിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

കോളപ്ര ഗവ. എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവം കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം സി.എസ്. ശ്രീജിത്ത്, സ്‌കൂള്‍ പ്രധാനാധ്യാപിക ഷാലി മോള്‍ സി.എസ്., അദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 62 കുട്ടികളാണ് ആദ്യദിനം സ്‌കൂളിലെത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലാണ് ഇനി മുതല്‍ ക്ലാസുകള്‍ നടക്കുക.

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം

തൊടുപുഴ വിദ്യാഭ്യാസ ജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം ഡോ. എപിജെ അബ്ദുള്‍ കലാം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.എസ്. സുലേഖ സലിം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.ജി.അനില്‍കുമാര്‍, ഷെര്‍ലി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പ്രസിഡന്റ് നിഷാദ്.കെ.കാസിം സ്വാഗതവും ഹെഡ്മിസ്ട്രസ് പി.സുഷമ കൃതജ്ഞതയും പറഞ്ഞു. 

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.  സെന്റ് ജോസഫ് യു.പി. സ്‌കൂളില്‍  നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഇമ്മാനുവല്‍ വരിക്കമാക്കല്‍ അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടെസിമോള്‍ മാത്യു നവാഗതരായ കുട്ടികളെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെര്‍ലി ജോസുകുട്ടി, രേഖ പുഷ്പരാജന്‍, രാജി ചന്ദ്രശേഖരന്‍, ഷൈലജ സുരേഷ്, പിടിഎ പ്രസിഡണ്ട് സജീവ് മാത്യു, എംപിടിഎ ചെയര്‍പേഴ്‌സണ്‍ ഡാനി ജോസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിസിയ എസ്.എച്ച്. സ്വാഗതവും അധ്യാപക പ്രതിനിധി ഷെറിന്‍ ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു.

കരിപ്പിലങ്ങാട് ഗവ. ട്രൈബല്‍ യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് എം. മനേഷ് അധ്യക്ഷത വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി ഇ.കെ. രാജേശ്വരി, നോബിള്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ഷെര്‍ലി മോള്‍ ഫിലിപ്പ് സ്വാഗതവും അദ്ധ്യാപിക പി.കെ. ഉഷാദേവി നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സമ്മാന വിതരണവും നടത്തി.

മുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

മുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോബിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഇതോടൊപ്പം സ്‌കൂള്‍ കെട്ടിടങ്ങളുടെ ഭിത്തിയില്‍ കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ എഴുതി വച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉല്ലാസ്.ജി., വൈസ് പ്രിന്‍സിപ്പല്‍ ബിജു സ്‌കറിയ, പിടിഎ പ്രസിഡന്റ് എം.കെ.സുധീര്‍, എസ്എംസി ചെയര്‍മാന്‍ കൃ്ണന്‍ കണിയാപുരം എന്നിവര്‍ നേതൃത്വം നല്‍കി. 1 മുതല്‍ 7 വരെയും 10, 12 ക്ലാസുകള്‍ക്കുമാണ് ആദ്യദിനം ക്ലാസുകള്‍ ആരംഭിച്ചത്. ബാച്ചുകളായി തിരിച്ച് നടത്തിയ ക്ലാസുകളില്‍ 110 ഓളം കുട്ടികളാണ് ആദ്യ ദിനമെത്തിയത്.

കുളമാവ് ഐഎച്ച്ഇപി ഗവ. ഹൈസ്‌കൂളില്‍

കുളമാവ് ഐഎച്ച്ഇപി ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക റംലത്ത്.പി.വി., പിടിഎ പ്രസിഡന്റ് എന്‍.ജെ.കുട്ടപ്പന്‍, വൈസ് പ്രസിഡന്റ് സിന്ധു വിനോദ്, സീനിയര്‍ അസി. എന്‍.കെ.അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date