Skip to main content

ഇളംദേശം ബ്ലോക്കില്‍ പൊതു ജൈവമാലിന്യ സംസ്‌കരണ  സംവിധാനം പ്രവര്‍ത്തന സജ്ജമായി

 

ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനം പ്രവര്‍ത്തന സജ്ജമായി. ഒട്ടും ദുര്‍ഗന്ധം വമിക്കാതെ ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള ജൈവമാലിന്യത്തെ മികച്ച ജൈവവളമാക്കി മാറ്റുന്നതിനുള്ള എയ്റോബിക് - തുമ്പൂര്‍മൂഴി കമ്പോസ്റ്റിംഗ് യൂണിറ്റുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമായത്. ലോ റേഞ്ചിലെ ആദ്യ പൊതു ജൈവ മാലിന്യസംസ്‌കരണ സംവിധാനമാണ് ബ്ലോക്ക് പഞ്ചായത്തിന്റേത്.

1000 കിലോവരെ സംസ്‌കരിക്കാവുന്ന നാല് യൂണിറ്റുകള്‍

നാലടി നീളവും നാലടി വീതിയും നാലടി ഉയരവുമുള്ള നാല് യൂണിറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 1000 കിലോ ജൈവ മാലിന്യങ്ങള്‍ ഒരേസമയം ജൈവ വളമാക്കി മാറ്റാന്‍ ഒരു യൂണിറ്റിന് കഴിയും. അതില്‍ നിന്നും 350കിലോ ജൈവവളം ലഭിക്കും. ഒന്നു നിറഞ്ഞാല്‍ മറ്റൊന്ന് എന്ന നിലയില്‍ ഇവയെ ഉപയോഗിക്കാനാകും.

ജൈവ മാലിന്യത്തിന് മുകളില്‍ ചാണകപ്പൊടിയും കരിയിലയും അടുക്കുകളായി ക്രമപ്പെടുത്തിയാണ് സംസ്‌കരണം സാധ്യമാക്കുക. സംസ്‌കരണ യൂണിറ്റില്‍ ചാണകപ്പൊടിയും ജൈവമാലിന്യവും നിക്ഷേപിച്ചുകൊണ്ട് പി.ജെ. ജോസഫ് എം.എല്‍.എ തുമ്പൂര്‍മൂഴി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ ഏറ്റവും കാതലായ ഘടകമാണ് ജൈവവള നിര്‍മ്മാണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ജൈവമാലിന്യം പ്ലാസ്റ്റിക്ക് കവറുകളില്‍ കൂട്ടിക്കെട്ടി പുഴയിലും പൊതുനിരത്തുകളിലും വലിച്ചെറിയുന്ന ശീലത്തിന് തടയിടാന്‍ ഇത്തരം സംസ്‌കരണ സംവിധാനങ്ങള്‍ വഴിയൊരുക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷനായിരുന്നു. ഡോ. ജി.എസ്.മധു പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഡാനിമോള്‍ വര്‍ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി ദാമോദരന്‍, ടോമി കാവാലം, ആന്‍സി സോജന്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, വൈസ് പ്രസിഡന്റ് സോമന്‍ ജയിംസ്, ഡിവിഷന്‍ മെംബര്‍ ജിനോ കുരുവിള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രവി കെ.കെ., ഷൈനി സന്തോഷ്, മിനി ആന്റണി, ടെസ്സിമോള്‍ മാത്യു, ജിജി സുരേന്ദ്രന്‍, നൈസി ഡെനില്‍, പഞ്ചായത്ത് മെംബര്‍ ലിഗില്‍ ജോ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ.ആര്‍. ഭാഗ്യരാജ്, ജി.ഇ.ഒ. ജയരാജ് എം.നായര്‍ സംസരിച്ചു.

date