Skip to main content

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവന നൽകി: സ്പീക്കർ

 

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് കേരളം മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കെ-ലാംപ്സ് (പാർലമെന്ററി സ്റ്റഡീസ്) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ 'ആധുനിക കേരള നിർമിതിയും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ കേരള സംസ്ഥാനത്തിന്റെ വികാസപരിണാമങ്ങളും മഹത്തായ ചരിത്രവും സംഭാവനകളും വിശദീകരിക്കുന്ന പ്രഭാഷണ പരമ്പര ഏറെ പ്രാധാന്യം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പ്രഭാഷണം നടത്തി. അന്തർദേശീയ ദേശീയ തലങ്ങളിലെ മാറ്റങ്ങൾ കേരളത്തിന്റെ വികാസ പരിണാമത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും 'കേരള മോഡൽ' എങ്ങനെ ആവിർഭവിച്ചുവെന്നും ഡോ. രാജൻ ഗുരുക്കൾ വിശദീകരിച്ചു. ഡോ. രാജൻ ഗുരുക്കൾക്ക് സ്പീക്കർ നിയമസഭയുടെ ഉപഹാരം സമ്മാനിച്ചു. നിയമസഭാ വളപ്പിലെ വൃക്ഷ പുഷ്പ സമൃദ്ധിയെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റൈസ് ചെയ്ത് ചെടികളിൽ ഘടിപ്പിച്ച ക്യൂ.ആർ കോഡ് വഴി ചെടിയുടെ വിവരങ്ങൾ ലഭ്യമാക്കുന്ന 'ഡിജിറ്റൽ ഉദ്യാനം' നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ സദസിന് പരിചയപ്പെടുത്തി. സ്പീക്കർ ഡിജിറ്റൽ ഉദ്യാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഭരണഭാഷാ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഔദ്യോഗികഭാഷ വകുപ്പുതല സമിതിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ഏർപ്പെടുത്തിയ ഭരണഭാഷാ സേവന/ സാഹിത്യ പുരസ്‌കാരങ്ങൾ 2020ലെ ജേതാക്കൾക്ക് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചേർന്ന് സമ്മാനിച്ചു. മന്ത്രിമാരും നിയമസഭാ സാമാജികരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4391/2021

date