പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുത്തു
ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പുനലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ ആലപ്പുഴ ജില്ലയിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി ഈ മാസം 17ന് നടത്താനിരുന്ന പരീക്ഷ ജൂൺ 24ന് രാവിലെ 10 മുതൽ 11.15 വരെ മായിത്തറ പ്രീ-മെട്രിക് ഹോസ്റ്റലിൽ നടത്തും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ, ജാതി, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9.30ന് പരീക്ഷ ഹാളിൽ ഹാജരാകണം.
(പി.എൻ.എ. 1370/2018)
മികവ് 2018: അപേക്ഷകൾ ക്ഷണിക്കുന്നു
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് മെറിറ്റ് അവാർഡ് നൽകുന്നു. ബ്ലോക്ക് പഞ്ചായത്തിനു പരിധിയിലുള്ള അർഹരായ വിദ്യാർത്ഥികൾ ജൂൺ 30നകം സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും രണ്ട് ഫോട്ടോയും ബ്ലോക്ക് പഞ്ചായത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9961876126,9961574178.
(പി.എൻ.എ. 1371/2018)
ആരോഗ്യ ജാഗ്രത അവലോകന യോഗം
ആലപ്പുഴ:തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ജാഗ്രത ബ്ലോക്ക് തല യോഗം സംഘടിപ്പിച്ചു. പകർച്ച വ്യാധികളും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതാണ് പ്രധാന ലക്ഷ്യം. സ്ഥിതി അവലോകനവും തുടർ പ്രവർത്തനങ്ങളുടെ ആസൂത്രണവും യോഗത്തിൽ ചർച്ച ചെയ്തു.തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.സലില സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പി ജി മുരളീധരൻ അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി സി എച്ച് സി മെഡിക്കൽ ഓഫിസർ കെ.എ ജോർജ് ആമുഖ പ്രഭാഷണം നടത്തി. ജില്ല മാസ്സ് മീഡിയഓഫീസർ പി എസ് സുജ,ടെക്‌നിക്കൽ അസിസ്റ്റന്റ് വിക്രമൻ എന്നിവർ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ,പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിബു എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മറ്റി ചെയർപേഴ്‌സൺ മേഘ വേണു യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.
(പി.എൻ.എ. 1372/2018)
മഴക്കാല ശുചീകരണ പ്രവർത്തന യോഗം
ആലപ്പുഴ:പുലിയൂർ ഗ്രാമപഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനം എല്ലാ വാർഡുകളിലും നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത്തല യോഗം ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രദീപ് ,രാധാമണി ,പി.സി കരുണാകരൻ ,ബാബു കല്ലൂ ത്ര ,രമ്യാ പ്രമോദ് ,എന്നിവർ പ്രസംഗിച്ചു. 22 മുതൽ 24 തീയതികളിൽ പഞ്ചായത്ത് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികൾ ,ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.എൻ.എ. 1373/2018)
യോഗ ദിന ഉദ്ഘാടനവും യോഗ പരിശീലന ക്ലാസും
ആലപ്പുഴ: അന്തർദേശീയ യോഗാദിനത്തോട് അനുബന്ധിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ യോഗദിനം ആചരിക്കുന്നു. യോഗാദിനം ഉദ്ഘാടനം പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ നിർവഹിക്കും. വ്യാഴാഴ്ച രാവിലെ 10മണിക്ക് തൃച്ചാറ്റുകുളം ഗവണ്മെന്റ് എൽ.പി.സ്‌കൂളിലാണ് പരിപാടി. ഉദ്ഘാടനത്തെ തുടർന്ന് മെഡിക്കൽ ഓഫീസർ ദിവ്യ സി.ബി.യുടെ നേതൃത്വത്തിൽ യോഗ പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങിൽ തൃച്ചാറ്റുകുളം ഗവണ്മെന്റ് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ഐ. മൈഥിലി ദേവി സ്വാഗതം ആശംസിക്കും.പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സത്യൻ ചടങ്ങിൽ ആധ്യക്ഷത വഹിക്കും.പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ യോഗാദിന സന്ദേശം നൽകും.
(പി.എൻ.എ. 1374/2018)
(പി.എൻ.എ. 1375/2018)
കടലിൽ മത്സ്യബന്ധനം അരുത്
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചിലഅവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ. വേഗത്തിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട് . മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 21 വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
(പി.എൻ.എ. 1376/2018)
- Log in to post comments