എലിപ്പനി: അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
ജില്ലയില്‍ കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ 68 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും പുറമറ്റത്ത് എലിപ്പനി ബാധിച്ച് കഴിഞ്ഞയാഴ്ച ഒരു എന്‍ആര്‍ഇജിഎസ് തൊഴിലാളി മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടറേറ്റില്‍ എഡിഎം പി.റ്റി.എബ്രഹാമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചു. എലിപ്പനി ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷവും തൊഴിലുറപ്പ് തൊഴിലാളികളാണ്. കനാലുകള്‍ വൃത്തിയാക്കുന്നതിനും ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിനും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ വെള്ളത്തില്‍ ഇറങ്ങിയതുമൂലമാണ് ഇവര്‍ക്ക് എലിപ്പനി ബാധിച്ചത്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മൂന്നു മാസം തൊഴിലുറപ്പ് ജോലികളില്‍ കനാല്‍ വൃത്തിയാക്കലും മലിനജലാശയങ്ങള്‍ വൃത്തിയാക്കലും പോലെയുള്ളവ ഒഴിവാക്കുകയോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുകയോ ചെയ്യണമെന്ന് ഡിഎംഒ പറഞ്ഞു.
വെള്ളത്തിലിറങ്ങുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്സിസൈക്ലിന്‍ ടാബ്ലറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍ബന്ധമായും ഈ ടാബ്ലറ്റുകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുകളിലും നനവുള്ള പ്രതലങ്ങളിലുമാണ് എലിപ്പനിയുടെ രോഗാണുക്കള്‍ സജീവമായിരിക്കുന്നത്. എലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ ഇതിന്‍റെ രോഗാണുവാഹകരാണ്. ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ ശരീരത്തിലെ മുറിവുള്ള ഭാഗവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് രോഗാണുക്കള്‍ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. പനി, പേശിവേദന, കണ്ണിന് ചുവപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ആന്തരിക അവയവങ്ങളെ ബാധിക്കുന്നതിനനുസരിച്ച് മഞ്ഞപ്പിത്തം, മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തോടൊപ്പം രക്തം പുറത്തുവരിക, ചുമ, നെഞ്ചുവേദന എന്നിവയും ഉണ്ടാകും.
ഡങ്കിപ്പനി ബാധയിലും ജില്ലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡങ്കിപ്പനിയില്‍ നാല് തരം വൈറസുകളാണുള്ളത്. ഇതില്‍ ഏറെ അപകടകരമായ ടൈപ്പ് ത്രീ വൈറസിന്‍റെ സാന്നിധ്യം ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. നാറാണംമൂഴി പഞ്ചായത്തി ല്‍ 11 വയസുള്ള കുട്ടിയ്ക്കാണ് ടൈപ്പ് ത്രീ വൈറസ് സ്ഥിരീകരിച്ചത്. ഈ സീസണില്‍ 300 ലധികം ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഡങ്കിപ്പനി വര്‍ദ്ധനവിന്‍റെ പ്രധാന കാരണം ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളും മാലിന്യ നിക്ഷേപങ്ങളുമാണ്. തരിശായി കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് ഒഴിവാക്കുന്നതിന് അടിയന്തര പരിഹാരം എന്ന നിലയില്‍ ക്ലോറിനേഷന്‍ നടത്തുന്നതോടൊപ്പം കൃഷി വകുപ്പ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ തരിശ് ഒഴിവാക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തണം. വാര്‍ഡുതല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ഓരോ വാര്‍ഡിലും ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25000 രൂപ വീതം ചെലവഴിക്കുന്നതിന് അനുമതി നല്‍കിയിരുന്നെങ്കിലും പകുതിയോളം പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്താതിരിക്കുകയും മാലിന്യ നിക്ഷേപം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ജില്ലയിലെ തട്ടുകടകള്‍ മാലിന്യങ്ങള്‍ ഓടകളിലേക്ക് ഒഴുക്കുന്നതുമൂലം വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. ശുചിയായ പരിസരമില്ലാത്ത സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശമുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ല എന്ന് യോഗം വിലയിരുത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ സ്കൂളുകളിലെ ഫിറ്റ്നസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സ്കൂളുകള്‍ക്ക് അപകടകരമായി സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉള്‍പ്പെടെ വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാരാണ്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ദുരന്തങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കായിരിക്കും.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1608/18)
- Log in to post comments