Skip to main content

പോക്സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ കമ്മീഷന്‍ യോഗം ചേര്‍ന്നു

പോക്സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കൂടിയാലോചനാ യോഗം ചേര്‍ന്നു. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍ ആമുഖ പ്രഭാഷണം നടത്തി.

 

ഭേദഗതി വരുത്തിയ പോക്സോ നിയമവുമായി ബന്ധപ്പെട്ട് , കൂടിയാലോചനാ യോഗത്തിലെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും റിപ്പോര്‍ട്ടായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇതില്‍ പോരായ്മകളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്സോ കേസുകളിലെ വിവര ശേഖരണത്തിനായി ബാലവകാശ കമ്മീഷന്‍ തയാറാക്കിയ പരിഷ്‌കരിച്ച മാതൃകാ ചോദ്യാവലി സംബന്ധിച്ച് യോഗത്തിലെ നിര്‍ദേശങ്ങളും കമ്മീഷന്‍ പരിശോധിക്കും. പോക്സോ കേസുകളിലെ വിവരങ്ങള്‍ ഓരോ മാസവും കമ്മീഷനില്‍ ലഭ്യമാക്കുന്നതിനായി ചോദ്യാവലി പോലീസ് മേധാവി വഴി ജില്ലാ സൂപ്രണ്ടുമാര്‍ക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി.

 

കമ്മീഷന്‍ മെമ്പര്‍മാരായ ബബിതാ ബല്‍രാജ്, കെ.നസീര്‍, പി.പി ശ്യാമളാദേവി, ഫാദര്‍ ഫിലിപ്പ് പരക്കാട്ട്, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡ് ജെ.ജോര്‍ജ്, സെക്രട്ടറി അനിതാ ദാമോദരന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

date