Skip to main content

 4251 രോഗികൾക്ക് ആശ്വാസമേകി വിമുക്തി ഡി - അഡിക്ഷൻ സെൻ്റർ

 

 

കൊച്ചി : മൂന്ന് വർഷത്തിനിടെ വിമുക്തി ഡി - അഡിക്ഷൻ സെൻ്റർ ആശ്വാസമേകിയത് 4251 രോഗികൾക്ക്. എക്സൈസ് വകുപ്പിന് കീഴിൽ മൂവാറ്റുപുഴ ജനറൽ ആസ്പത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രമാണ് ലഹരി ദുരിതത്തിനിരകളായ രോഗികൾക്ക് ആശ്വാസമേകിയത്. 2018 നവംബറിൽ ആരംഭിച്ച കേന്ദ്രമിപ്പോൾ മൂന്ന് വർഷം പിന്നിടുകയാണ്. ലഹരിയുടെ വിവിധ പാർശ്വഫലങ്ങളെ തുടർന്ന് 4083 രോഗികളെ ഔട്ട് പേഷ്യൻ്റ് വിഭാഗത്തിലും 168 രോഗികളെ ഇൻപേഷ്യൻ്റ് വിഭാഗത്തിലും ചികിത്സിച്ചു. ഇക്കാലയളവിൽ 15 വയസിൽ താഴെയുള്ള 211 ആൺകുട്ടികളും 62 പെൺകുട്ടികളും ഇവിടെ ചികിത്സ തേടിയെത്തി. കൂടാതെ 15-18 പ്രായ പരിധിയിലുള്ള 270 ആൺകുട്ടികളും 56 പെൺകുട്ടികളും 18-35 പ്രായ പരിധിയിലുള്ള 1170 യുവാക്കളും 147 യുവതികളും 35 ന് മുകളിൽ പ്രായമുള്ള 1819 പുരുഷന്മാരും 348 സ്ത്രീകളും ഇക്കാലയളവിൽ ഔട്ട് പേഷ്യൻ്റ് വിഭാഗത്തിൽ ചികിത്സ തേടി. 15 വയസിൽ താഴെയുള്ള 2 കുട്ടികളെയും 15-18 പ്രായമുള്ള 6 പേരെയും 18-35 പ്രായമുള്ള 64 പേരേയും 35 ന് മുകളിൽ പ്രായമുള്ള 96 പേരെയും കിടത്തി ചികിത്സ വഴി ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു. ആൾക്കഹോൾ, പുകയില, കഞ്ചാവ്, പശമണക്കൽ തുടങ്ങി വിവിധ ലഹരിയധിഷ്ടിത പ്രശ്നങ്ങളുമാമായെത്തിയവരെയാണ് ഡി- അഡിക്ഷൻ സെൻ്റർ വഴി തീർത്തും സൗജന്യമായി ജീവിതത്തിലേക്ക് മടക്കിയത്. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷന് എല്ലാ ജില്ലയിലും ഡി- അഡിക്ഷൻ സെൻ്ററുകളുണ്ട്. എ റ ണാകുളം ജില്ലയിലെ ഡി- അഡിക്ഷൻ സെൻ്ററാണ് മൂവാറ്റുപുഴ ജനറലാശുപത്രിയോടനുബന്ധിച്ചുള്ള നഗരസഭാ പേ വാർഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്നത്.കോവിഡ് ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ ആദ്യത്തെ ഒരു വർഷം മാത്രമാണ് ഇവിടെ കിടത്തിചികിത്സയുണ്ടായിരുന്നത്. നിലവിൽ കിടത്തി ചികിത്സ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.ഒരു മെഡിക്കൽ ഓഫീസർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ അടക്കം 10 ജീവനക്കാരും ഇപ്പോൾ കേന്ദ്രത്തിലുണ്ട്. ചികിത്സയോടൊപ്പം മുന്നൂറോളം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ഡി- അഡിക്ഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.

 

date