Skip to main content

തൃക്കാർത്തിക വിളവെടുപ്പ് നടന്നു

 

 

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിൽ തൃക്കാർത്തിക വിളവെടുപ്പ് നടന്നു. തത്തപ്പിള്ളിയിലെ കിഴങ്ങ് കർഷകരായ രവി, ഗണേശൻ എന്നിവരുടെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നാടൻ കിഴങ്ങുവർഗ്ഗവിളകളുടെ കൃഷി പ്രോത്സാഹനം ലക്ഷ്യമിട്ട് കൃഷിയാരംഭിച്ച കിഴങ്ങുകളാണ് വിളവെടുത്തത്. ചേന, ചേമ്പ്, ചെറുകിഴങ്ങ്, നനകിഴങ്ങ്, മുക്കിഴങ്ങ്, കപ്പ, നീല ചേമ്പ്, മധുര ചേമ്പ്, മധുരക്കിഴങ്ങ്, വിവിധയിനം കാച്ചിലുകൾ എന്നിവയുടെ വിളവെടുപ്പ് നടന്നു.

 

കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നവംബർ 19 തൃക്കാർത്തിക ദിനം മുതൽ നവംബർ 21 വരെ ചെറിയപ്പിള്ളിക്ക് സമീപം കാട്ടിക്കുളം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തൃക്കാർത്തിക ചന്ത നടത്തും. നാടൻ കിഴങ്ങുവർഗ്ഗ വിളകൾ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. ഒരു വീട്ടിൽ നിന്ന് ഒരിനം കിഴങ്ങ് ചന്തയിൽ എത്തിക്കുക, വീട്ടിൽ കിഴങ്ങുവർഗ്ഗങ്ങൾ ഇല്ലാത്തവർ ഒരിനം കിഴങ്ങെങ്കിലും നട്ടുപിടിപ്പിക്കുക തുടങ്ങിയ ജനകീയ ഇടപെടലിലൂടെ കിഴങ്ങുകൃഷി വ്യാപനം നടത്താൻ ഇതിലൂടെ സാധിക്കും. കിഴങ്ങ് ഭക്ഷണത്തിൻ്റെ ഭാഗമാക്കുക എന്നതും കാർത്തിക ചന്തയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

 

കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജാ വിജു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കമലാ സദാനന്ദൻ, ഗ്രാമപഞ്ചായത്ത് അംഗം ലതിനാ സലിം, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date