Skip to main content

വാര്‍ഷിക പദ്ധതികള്‍  സമയബന്ധിതമായി പൂര്‍ത്തിയാക്കണം - ജില്ലാ ആസൂത്രണ സമിതി

ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ വാര്‍ഷിക പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാ ക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ത്രിതല പഞ്ചായത്തു കളുടെ പദ്ധതി പുരോഗതിയില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സമിതിയുടെ നിര്‍ദേശം. പദ്ധതി പുരോഗതി  അവലോകന യോഗം എല്ലാ മാസവും മൂന്നാമത്തെ ആഴ്ച ചേരണമെന്നും യോഗത്തില്‍ വിവിധ വകുപ്പുകളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സമിതി അറിയിച്ചു. പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് വാഹനം അനുവദിക്കണമെന്ന എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ആവശ്യം സമിതി അംഗീകരിക്കുകയും വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ക്ഷീര വികസന വകുപ്പിന്റെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി പദ്ധതിയില്‍ കാലതാമസം നേരിടുന്നത് പരിഹരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് അസോസിയേഷനും, ക്ഷീരവികസന വകുപ്പും സംയുക്തമായി യോഗം വിളിച്ച് ചേര്‍ക്കുന്നതിനായി തീരുമാനിച്ചു. തെരുവ് നായകളുടെ വന്ധ്യംകരണത്തിനായുള്ള എ.ബി.സി പദ്ധതി തുടര്‍ന്ന് നടപ്പിലാക്കുന്നതിനായി ജില്ലാ പഞ്ചായത്തും, ഗ്രാമപഞ്ചായത്തുകളും നിശ്ചിത തുക വകയിരുത്താനും സമിതി യോഗത്തില്‍  തീരുമാനമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date