Skip to main content

ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ആര്‍.ബിന്ദു

സപ്തഭാഷ സംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിജ്ഞാപന വ്യാപനത്തിന്റെ പുതിയ സാധ്യതകള്‍ സാക്ഷാത്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ  മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി.കോളേജ് കാമ്പസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ.  പി.ബി.അബ്ദുള്‍ റസാഖിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്റെയും മികവിന്റെയും കേന്ദ്രങ്ങളാക്കി മാറ്റും. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഉറപ്പാക്കും. കാസര്‍കോട്ടെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകായെന്നത് സര്‍ക്കാരിന്റെ  പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അവികസിത പ്രദേശങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സാധ്യതകള്‍ കണ്ടെത്തും. ഇതിന്റെ ഭാഗമായി കൂടുതല്‍ ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും നിലവില്‍  ഉള്ള സ്ഥാപനങ്ങളുടെ ഭൗതീക ചുറ്റുപാട് മികവുറ്റതാക്കുകയും ചെയ്യേണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ ദേശീയ നിലവരാത്തിലേക്ക് ഉയര്‍ത്താന്‍തക്ക  പ്രവര്‍ത്തനം നടക്കുകയാണ്. ഉത്തര മലബാറിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങളുടെ അവികസിത ചുറ്റുപാടുകള്‍ മാറ്റിയെടുക്കാന്‍ അധ്യാപകര്‍ മുന്നിട്ട് ഇറങ്ങണം. ജനാധിപത്യ, സമത്വപരമായ അന്തരീക്ഷം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണമെന്നും ഇത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം.അഷറഫ് എം.എല്‍.എ  അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. താഹിറ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദിഖ്, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രേമ ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കൊഗ്ഗു, എം.പ്രേമാവതി, എസ്. പ്രേമലത, വാര്‍ഡ് മെമ്പര്‍മാരായ അജയ്, സി.എം മുഹമ്മദ്, കോളേജ് വികസന കമ്മറ്റി ഉപാധ്യക്ഷന്‍ രഘു ദേവന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഡി.ഗോപാല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ സുബൈര്‍, മഞ്ജുനാഥ് ആള്‍വ,  താജുദ്ദീന്‍ മൊഗ്രാല്‍, അഹമ്മദ് അലി, സി.എ.എസ് മഞ്ചേശ്വരം സ്റ്റാഫ്  സി.വി പൂജ, അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് എ.ബി മുഹമ്മദ് ഇര്‍ഷാദ്, എന്‍.എസ്.എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍ മുരളി കൃഷ്ണ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി നളിനി സ്വാഗതവും ഓഫീസ് സൂപ്രണ്ട് പി.എസ് അജയകുമാര്‍ നന്ദിയും പറഞ്ഞു.

date