Skip to main content

അന്താരാഷ്ട്ര വിപണന മേളയിൽ   രുചിക്കൂട്ടൊരുക്കി ജില്ലയുടെ കുടുംബശ്രീ സ്റ്റാളുകൾ 

ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന 40-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2021ൽ (ഐ.ഐ.ടി.എഫ്) വിവിധങ്ങളായ രുചിക്കൂട്ടുകൾ ഒരുക്കി ജില്ലയുടെ കുടുംബശ്രീ സ്റ്റാളുകൾ ജനശ്രദ്ധ നേടുന്നു. തൃശൂർ ചിയ്യാരത്ത് നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും മുളംകുന്നത്തുകാവ് ഹരിത കുടുംബശ്രീ അംഗമായ ഹൃദ്യയുടെ ക്യൂൻ ബേക്സ് സ്റ്റാളുമാണ് സ്വാദേറിയ തനത്  വിഭവങ്ങൾ ഒരുക്കി മേളയുടെ ആകർഷണമാകുന്നത്. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ വിപണനമേള 2021ന്റെയും സരസ്മേളയുടെയും ഭാഗമായാണ് കുടുംബശ്രീ സ്റ്റാളുകൾ ഒരുക്കിയത്. കേരള മീൽസ്, കപ്പ, മീൻ കറി, അപ്പം, ദോശ, പുട്ട്, ചിക്കൻ കൊണ്ടാട്ടം, വിവിധ ഇനം ചിക്കൻ കറികൾ, മുട്ട വിഭവങ്ങൾ തുടങ്ങിയ കേരളത്തനിമയുള്ള ഭക്ഷണവിഭവങ്ങളാണ് കേരള കഫെ സ്റ്റാളിൽ വിളമ്പുന്നത്. ദിവ്യ ഷാജി, സിജി സന്തോഷ്‌, ബിന്ദു ജനാർദ്ദനൻ, സജിത വിനോദ് എന്നിവരാണ് കല്യാണി കാറ്ററിംഗ് യൂണിറ്റിൽ വിഭവങ്ങൾ ഒരുക്കുന്നത്. പ്രധാനമായും ഹോം മേഡ് ചോക്ലേറ്റും വെണ്ണയിൽ ഉണ്ടാക്കിയ വിവിധ തരം കുക്കീസുകളുമാണ് ക്യൂൻ ബേക്സ് സ്റ്റാളിൽ വിപണത്തിനായി ഒരുക്കിയിട്ടുള്ളത്. വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സംരംഭകരുടെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ കോമേഴ്‌സ്യൽ സ്റ്റാളും, ഭക്ഷ്യമേളയിൽ തൃശൂർ, മലപ്പുറം ജില്ലകളുടെ സ്റ്റാളുകളുമാണുള്ളത്.

date