Skip to main content

വിദ്യാകിരണം പദ്ധതി: ഒരു ലക്ഷം രൂപ സംഭാവന നൽകി അധ്യാപക ദമ്പതികൾ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാകിരണം പദ്ധതിയിലേക്ക്  സംഭാവന നൽകി തൃശൂർ സ്വദേശികളായ അധ്യാപക ദമ്പതികൾ. കാരയിൽ തെക്കൂട്ട് കിരൺ മാഷും ഭാര്യ കെ ആർ ലതയുമാണ്  പദ്ധതിയിലേക്ക് സംഭാവന നൽകാൻ കലക്ട്രേറ്റിലെത്തിയത്. ഒരു ലക്ഷം രൂപയുടെ തുകയടങ്ങിയ ചെക്ക് കിരണും ലതയും ജില്ലാ കലക്ടർ ഹരിത വി കുമാറിനെ ഏല്പിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ബി ബീന, തളിക്കുളം ബി പി സി കെ കെ മോഹൻരാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. 

സ്കൂൾ വിദ്യാർത്ഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയാണ് ‘വിദ്യാകിരണം'.  ആദ്യഘട്ടത്തിൽ ഡിജിറ്റലായും പിന്നീട് ഓൺലൈനായുമാണ്, കഴിഞ്ഞ ഒന്നര വർഷക്കാലത്തിലധികമായി സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് പ്രവർത്തനങ്ങൾ നടന്നത്. കുട്ടികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തവരെ വിദ്യാഭ്യാസവകുപ്പ് കണ്ടെത്തി,  സാമൂഹ്യസഹായം ആവശ്യമുള്ളവർക്കും അവരിൽ തന്നെ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക്  സർക്കാർ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഇതരമേഖലകളിൽ നിന്നുള്ള കുട്ടികൾക്കായാണ് വിദ്യാകിരണം പദ്ധതി സർക്കാർ രൂപപ്പെടുത്തിയത്. 

കഴിമ്പ്രം, വി പി എം എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ ഗണിതാധ്യാപകനായിരുന്നു കിരൺ മാഷ്. വലിയ ശിഷ്യസമ്പത്തിന്റെ ഉടമയായ കിരൺ മാഷ് സാമൂഹ്യസേവനരംഗത്തും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. 2015ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കൊടുങ്ങല്ലൂർ, പടിഞ്ഞാറെ വെമ്പല്ലൂർ എം ഐ ടി യു പി സ്കൂളിൽ പ്രധാനധ്യാപികയായിരുന്ന കെ ആർ ലത ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്  വിരമിച്ചത്. മക്കൾ അനോൺ, ആവിഷ്.

date