Skip to main content

ഹലോ ഇംഗ്ലീഷ് '' ജില്ലാ തല പരിശീലനം പൂര്‍ത്തിയാക്കി

സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പഠനപരിപോഷണ പദ്ധതിയായ ''ഹലോ ഇംഗ്ലീഷ് '' ന്റെ ജില്ലാ തല റിസോഴ്‌സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.  തൊടുപുഴ ഡയറ്റില്‍ വച്ചു നടന്ന പരിശീലനം ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് ഉദ്ഘാടനം ചെയ്തു.  ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ.ലോഹിദാസന്‍, സമഗ്രശിക്ഷാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി. എന്നിവര്‍ സംസാരിച്ചു.  സമഗ്രശിക്ഷ കേരളം 2017-18 വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കി വന്നിരുന്ന പദ്ധതിയാണ് ''ഹലോ ഇംഗ്ലീഷ്''.  കോവിഡ് 19-ന്റെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരുന്ന സാഹചര്യത്തിലും ''ഹലോ ഇംഗ്ലീഷ് '' എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ  ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പദ്ധതി എസ്.എസ്.കെ നടത്തിയിരുന്നു.   സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കോവിഡ് മൂലം അധ്യയനം നഷ്ടപ്പെട്ടതു കൊണ്ടു ഉണ്ടായിട്ടുള്ള പഠന വിടവുകള്‍ നികത്തുന്നതിന് സഹായകരമായ രീതിയിലും കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ആസ്വാദ്യകരവുമായിത്തീരുന്ന രീതിയിലുമാണ് ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ബി.ആര്‍.സി. തലത്തില്‍ എല്‍.പി/യു.പി അധ്യാപകരുടെ 25 പേര്‍ വീതം ഉള്‍ക്കൊള്ളുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഓണ്‍ലൈനായാണ് തുടര്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്.   ക്രിസ്മസ് അവധിക്ക് ശേഷം എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍ ഡി അറിയിച്ചു.

date