Skip to main content

ഒമിക്രോണ്‍: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍

ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയും  റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ പരിശോധനയില്‍ നെഗറ്റീവാകുന്നവര്‍ക്ക് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്.  മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗമില്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദേശത്തുനിന്ന് എത്തുന്നവരും കുടുംബാംഗങ്ങളും രോഗപ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം.

പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നത് ഒഴിവാക്കുകയും സ്വയം നിരീക്ഷണം കൃത്യമായി പാലിക്കുകയും വേണം.  രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് അവുടെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം.

അതിവ വ്യാപന ശേഷിയുള്ളതിനാല്‍ ഇതുവരെ കോവിഡിനെതിരെ സ്വീകരിച്ചുവന്ന പ്രതിരോധ മുന്‍കരുതലുകള്‍ വീഴ്ച്ചകളില്ലാതെ തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസ് നിര്‍ദേശിച്ചു. പ്രതിരോധ വാക്സിന്‍ രണ്ടു ഡോസ് എടുക്കണം.   മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കണം. കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കണം.  മുറികളില്‍  വായുസഞ്ചാരം ഉറപ്പാക്കണം.

കോവിഡ് വാക്‌സിന്‍ ആദ്യഡോസ് എടുക്കാത്തവര്‍ അടിയന്തരമായി എടുക്കണം. രണ്ടാമത്തെ ഡോസ് കുത്തിവയ്പ്പ് കൃത്യ സമയത്തുതന്നെ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.  കോവിഷീല്‍ഡ് 85-ാമത്തെ ദിവസവും, കോവാക്‌സിന്‍ 29-ാമത്തെ ദിവസവും രണ്ടാം ഡോസ് എടുക്കാം. കൊവിഡിനെതിരെ സുരക്ഷ നല്‍കുന്നതിനും രോഗതീവ്രത കുറയ്ക്കുന്നതിനും വാക്സിനുകള്‍ക്കു കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

date