Skip to main content

മുറ്റത്തെ മുല്ല' ലഘു ഗ്രാമീണ വായ്പ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

'

ബ്ലേഡ് മാഫിയ, വട്ടിപലിശക്കാരില്‍ നിന്നും ഗ്രാമീണ ജനതയെ മോചിപ്പിക്കുന്നതിനോട നുബന്ധിച്ച് ലഘു ഗ്രാമീണ വായ്പ പദ്ധതിയായ 'മുറ്റത്തെ മുല്ല'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 26) ഉച്ചയ്ക്ക് രണ്ടിന് മണ്ണാര്‍ക്കാട് തെങ്കര പഴേരി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണം- ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനാവും. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൈലറ്റ് പദ്ധതിയായി 'മുറ്റത്തെ മുല്ല' പാലക്കാട് ജില്ലയിലാണ് നടപ്പാക്കുന്നത്. 
 ആദ്യ കുടുംബശ്രീ കാഷ് ക്രെഡിറ്റ് വിതരണം അഡ്വ. എന്‍. ഷംസുദ്ദീനും ആദ്യ വ്യക്തിഗത വായ്പ വിതരണം എം.ബി. രാജേഷ് എം. പിയും നിര്‍വഹിക്കും. പി. കെ. ശശി എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ. ബാബു, സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ഓഡിറ്റ്) പി. സുഭാഷ് ചന്ദ്രന്‍, അസി. രജിസ്ട്രാര്‍ പി. ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
    കൊള്ളപ്പലിശക്കാരില്‍ നിന്ന് വായ്പയെടുത്ത് കടകെണിയിലാകുന്നവര്‍ക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുകയും ആഴ്ച്ചതോറും കുറഞ്ഞ പലിശയില്‍ തുക ഈടാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 
പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി ലഭിക്കുക. നിലവില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നെടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. 12 ശതമാനം പലിശയാണ് ഈടാക്കുക (100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ). പരമാവധി 52 ആഴ്ച്ചകളായാണ് (ഒരു വര്‍ഷം) വായ്പ തിരിച്ചടയ്ക്കേണ്ടത്. 10 ആഴ്ച്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും ലഭ്യമാണ്. ഓരോ വാര്‍ഡിലേയും ഒന്ന് മുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂനിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവര്‍ത്തനമികവും വിശ്വാസവും ഉളള കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുക. കുടുംബശ്രീ അംഗങ്ങള്‍ അവരുടെ പ്രദേശത്തെ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നല്‍കും. ആഴ്ച്ചതോറും വീട്ടിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും.ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ പ്രദേശത്തേയും പ്രാഥമിക സഹകരണ സംഘങ്ങള്‍  വായ്പാ തുക ഒരു കുടുംബശ്രീ യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒന്‍പത് ശതമാനം പലിശ നിരക്കില്‍ കാഷ് ക്രഡിറ്റ് വായ്പയായി അനുവദിക്കും. 
ലാഭം മാത്രം ലക്ഷ്യമാക്കാതെ സാമ്പത്തിക ചൂഷണത്തിന് വിധേയരാവുന്നവരെ സഹകരണ മേഖലയുടെ വ്യാപനവും ശക്തിയും കുടുംബശ്രീയുടെ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി പരിരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്ററും സഹകരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടറും വ്യക്തമാക്കി.

date