Skip to main content

കുത്തന്നൂരില്‍ കാന്‍സര്‍ രോഗ നിര്‍ണയ കാംപ് നടത്തി; മാത്തൂരില്‍ 28ന് കാംപ്

 

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സ്ത്രീകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ മെഡിക്കല്‍ കാംപ് നടത്തി. കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന ആര്‍സിസിയുടെ ഏര്‍ലി കാന്‍സര്‍ ഡിറ്റെക്ഷന്‍ സെന്‍ററുമായി സഹകരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കാംപ് സംഘടിപ്പിച്ചത്. കുത്തന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കാംപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഷേര്‍ളി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലളിത.ബി. മോനോന്‍ അധ്യക്ഷനായ പരിപാടിയില്‍ കുത്തന്നൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിജിത്, ജീവനക്കാരും നാട്ടുക്കാരും പങ്കാളികളായി.
35 വയസിന് മുകളിലുള്ള സ്ത്രീകളില്‍ കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്താനായാണ് കാംപ് നടത്തിയത്. ഇതിന്‍റെ ഭാഗമായി 212 പേരെ പരിശോധിച്ചു. ഇതില്‍ 84 പേരുടെ സാംപിളുകള്‍ ഗര്‍ഭാശയ കാന്‍സറിന്‍റെ പരിശോധനയ്ക്കായി ശേഖരിച്ചു. കഞ്ചിക്കോട് ആര്‍സിസി യൂനിറ്റില്‍ നിന്നും ഒരു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, ലാബ് അറ്റന്‍ഡര്‍ എന്നിവരടക്കം അഞ്ച് പേരാണ് കാംപിനു നേതൃത്വം നല്‍കിയത്.
സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കാംപ് സംഘടിപ്പിച്ചത്. ഓരോ പഞ്ചായത്തിലും രണ്ടു കാംപ് വീതം ആകെ 14 കാംപുകള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. പദ്ധതിയുടെ ഭാഗമായി നടക്കുന്ന രണ്ടാമത്തെ കാംപാണ് കുത്തന്നൂര്‍ നടന്നത്. ആദ്യ കാംപ് ജൂണ്‍ 21നു കുഴല്‍മന്ദത്ത് നടത്തി. അടുത്ത കാംപ് ജൂണ്‍ 28ന് മാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.
ആരോഗ്യ മേഖലയിലെ സംരക്ഷണത്തിനായി കാന്‍സര്‍ നിര്‍ണയ കാംപ്, വയോജനങ്ങള്‍ക്ക് കിഡ്നി പരിശോധന കാംപ് തുടങ്ങിയ പദ്ധതികള്‍ക്ക് 9.5 കോടി രൂപയാണ് 2018-19 ബജറ്റില്‍ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

date