Skip to main content

ജനാധിപത്യപ്രക്രിയയില്‍ ജില്ലയില്‍ നിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണം: ജില്ലാ കളക്ടര്‍

  ജനാധിപത്യ പ്രക്രിയയില്‍ ജില്ലയില്‍ നിന്നു കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ കണക്കില്‍ നിലവില്‍ സംസ്ഥാന ശരാശരിയേക്കാള്‍ പിന്നിലാണ് ജില്ലയെന്നും അതു മറികടക്കുവാന്‍ നമ്മുക്ക് കഴിയണമെന്നും കളക്ടര്‍ പറഞ്ഞു. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അര്‍ഹരായ മുഴുവന്‍പേരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
    2019-ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനുമുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന സ്വീപ്പ്(എസ്‌വിഇഇപി-സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.     ജില്ലയില്‍ ആകെ ജനസംഖ്യയുടെ 70.73 ശതമാനംപേര്‍ മാത്രമാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍. ഇത് സംസ്ഥാന ശരാശരിയേക്കാള്‍(72.86) കുറവാണ്. ജില്ലയിലെ പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നന്നതിന് ബന്ധപ്പെട്ടവര്‍ പ്രാധാന്യം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. 
    ജനാധിപത്യപ്രക്രിയയില്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതല്‍ ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ ഒന്‍പതുമുതല്‍ സ്വീപിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന്‍) എ.കെ രമേന്ദ്രന്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍, നോഡല്‍ ഓഫീസര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
      

date