Skip to main content

നാഷണല്‍ സാമ്പിള്‍ സര്‍വേ 76-ാം റൗണ്ട് ജില്ലയില്‍ ആരംഭിക്കുന്നു

 

ദേശീയ തലത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസും സംസ്ഥാന തലത്തില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും ചേര്‍ന്ന് നടത്തുന്ന 76-ാം മത് റൗണ്ട് സാമ്പിള്‍ സര്‍വേ ജൂലൈ ഒന്നിന് ആരംഭിക്കും. ഡിസംബറില്‍ സര്‍വേ പൂര്‍ത്തിയാകും. സര്‍വേയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ശാരീരിക -മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെപ്പറ്റിയും കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം എന്നിവയെപ്പറ്റിയുമുള്ള സ്ഥിതി വിവരകണക്കുകളാണ് ശേഖരിക്കുന്നത്. ഭിന്നശേഷി സംഭവിക്കുന്നതിനുള്ള കാരണങ്ങള്‍, അതിന്റെ വ്യാപ്തി, രോഗം പ്രകടമാകുന്ന പ്രായം, അവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവരുടെ സംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടിവെള്ളം, വൈദ്യുതി, ശുചീകരണ സംവിധാനങ്ങള്‍, കൊതുക്, പ്രാണിമൂലമുണ്ടാകുന്ന ദുരിതങ്ങള്‍ തുടങ്ങിയ വിവരങ്ങളും സര്‍വേയിലൂടെ ശേഖരിക്കും. 

സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരും മറ്റ് ഏജന്‍സികളും വികസനോന്മുഖ ആസൂത്രണത്തിനും നയരൂപീകരണത്തിനും ഉപയോഗിക്കും. ഈ പ്രാധാന്യം കണക്കിലെടുത്ത് ശരിയായതും പൂര്‍ണവുമായ വിവരങ്ങള്‍ നല്‍കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ പി.കെ. ശാലിനി അറിയിച്ചു. 

date