Skip to main content

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ അവലോകനം ചെയ്തു

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി തൃശൂരില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന് അനുമതി നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഗൗരവത്തോടെ കാണണമെന്നും അവര്‍ക്ക് താൽപര്യമുള്ള രീതിയില്‍ പഠനാന്തരീക്ഷം മാറ്റി കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി നല്‍കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. ജില്ലയ്ക്ക് വേണ്ടത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണെന്നും പ്രീ മെട്രിക് ഹോസ്റ്റലുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ പുതിയവ അനുവദിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 

പട്ടിക ജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടും അവരുടെ ജീവിത നിലവാരത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം അവ ഈ ജനവിഭാഗങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അവരുടെ ജീവിത സാഹചര്യങ്ങളെയും നിലവാരത്തെയും കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കണം. എല്ലാ കാലത്തും സഹായ പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ടുപോകുന്നതിന് പകരം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ മറ്റു സമൂഹങ്ങള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പട്ടികജാതിവികസന വകുപ്പിന്റെ പ്രധാന പദ്ധതികളായ ഭൂരഹിത പുനരധിവാസം, പഠനമുറി ഒരുക്കല്‍, ഭവന പൂര്‍ത്തീകരണം, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വകുപ്പുകളുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പുറമെ, തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ മേല്‍നോട്ടവും വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. മാര്‍ച്ച് 31ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തീകരിക്കണം. കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ മങ്ങാട്ട്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍, കരാര്‍ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date