Skip to main content

അരീക്കോട് ബ്ലോക്ക് പരിധിയില്‍ 10 കോടിയുടെ സ്‌കൂള്‍ കെട്ടിടങ്ങളൊരുങ്ങുന്നു

അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലായി 10 കോടി രൂപ ചെലവില്‍ 10          സ്‌കൂളുകളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഓരോ സ്‌കൂളിനും കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി ഓരോ നിലയിലും മൂന്ന് ക്ലാസ് മുറികള്‍ വീതമുള്ള പുതിയ ഹൈടെക്ക് കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്.

ഏറനാട് മണ്ഡലത്തിലെ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വെറ്റിലപ്പാറ ജി.എച്ച്.എസ്, മൂര്‍ക്കനാട് ജി.യു.പി.എസ്, കാവനൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ ചെങ്ങര ജി.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചീക്കോട് ജിയുപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
 
ഏറനാട് മണ്ഡലത്തില്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മൈത്ര ജി.യു.പി.എസ്, അരീക്കോട് ഗ്രാമപഞ്ചായത്തിലെ അരീക്കോട് ജി.എം.യു.പി.എസ് എന്നീ സ്‌കൂളുകളിലെ നിര്‍മാണ പ്രവൃത്തി 75 ശതമാനത്തിലധികം പൂര്‍ത്തിയായി. ഏറനാട് മണ്ഡലത്തിലെ എടവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പന്നിപ്പാറ ജി.എല്‍.പി   സ്‌കൂള്‍, കിഴിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കിഴിശ്ശേരി ജി.എല്‍.പി സ്‌കൂള്‍, അരീക്കോട് ഗ്രാമ പഞ്ചായത്തിലെ മുണ്ടുപറമ്പ് ജി.എം.യു.പി സ്‌കൂള്‍, കാവനൂര്‍ ഗ്രാമപഞ്ചായത്തിലെ വടശ്ശേരി ജി.എച്ച്.എസ്.എസ് തുടങ്ങിയ സ്‌കൂളുകളിലെ നിര്‍മാണ പ്രവൃത്തികള്‍ യഥാസമയം പുരോഗമിച്ച് വരുകയാണ്. നിലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചവയും 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായവയും മാര്‍ച്ച് അവസാനത്തോടെ സ്‌കൂളുകള്‍ക്ക് കൈമാറും. മറ്റു      സ്‌കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തി ഏപ്രില്‍ അവസാനത്തോട പൂര്‍ത്തിയാക്കാനാവുമെന്ന് അരീക്കോട് ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷരീഫ് ഉമ്മിണിയില്‍ അറിയിച്ചു.
 

date