Skip to main content

ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്റര്‍ തിരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിവിധ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്റര്‍ ജില്ലയില്‍ തിരൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരൂര്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പുള്‍പ്പടെ ലക്ഷ്യമാക്കി മലപ്പുറം ജില്ല കൂടാതെ തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഫെസിലിറ്റേഷന്‍ സെന്ററുകളും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം  ചെയ്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു സഹായം ലഭ്യമാക്കുന്നതിനായി ഹിന്ദി, ബംഗാളി, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ കേന്ദ്രത്തിലുണ്ടാകും. തൊഴിലിടങ്ങളിലെ പീഡനം, വേതനം, താമസ സൗകര്യം എന്നിവ സംബന്ധിച്ച പരാതികള്‍, അപകടത്തില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള സഹായം ലഭ്യമാക്കല്‍, നിയമ പരിരക്ഷ സംബന്ധിച്ച അവബോധം നല്‍കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കും. തൊഴില്‍ വകുപ്പിന് പരാതികള്‍ എഴുതി നല്‍കുന്നതിനുള്ള സഹായവും കേന്ദ്രത്തില്‍ ലഭിക്കും. പരാതികള്‍ 0494 2944814 എന്ന നമ്പറിലോ തിരൂര്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ നല്‍കാം. തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ എസ്. ഗിരീഷ്, സലാം മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.പി സതീഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി ശിവരാമന്‍, അസി. ലേബര്‍ ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

date