Skip to main content

സാമൂഹ്യക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ജില്ലാ പഞ്ചായത്തിന് മികച്ച നേട്ടം

 

ആലപ്പുഴ: സാമൂഹ്യക്ഷേമ മേഖലയിലെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍   2021-22 സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്തിന് മികച്ച നേട്ടം.  വിവിധ പദ്ധതികളിലെ  വ്യക്തിഗത ഗുണഭോക്താക്കളില്‍ അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും  സഹായം ലഭ്യമാക്കുവാന്‍  കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ ജി  രാജേശ്വരി  അറിയിച്ചു.

ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഏകോപനവും മേല്‍നോട്ടവും  പദ്ധതി നിര്‍വ്വഹണം സുഗമമാക്കുന്നതിന് ഉപകരിച്ചതായി പ്രസിഡന്റ് വിലയിരുത്തി. 

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍,  ശ്രവണസഹായി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം തുടങ്ങിയവ നല്‍കുന്ന  പദ്ധതികളുടെ നിര്‍വ്വഹണത്തിലൂടെ 93.88 ശതമാനം ഫണ്ട് വിനിയോഗിക്കപ്പെട്ടു.

ഈ  സാമ്പത്തിക വര്‍ഷം തന്നെ രണ്ടു ഘട്ടങ്ങളിലായി നിര്‍ധനരായ 60 ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ഘടിപ്പിച്ച് സ്‌കൂട്ടര്‍  ലഭ്യമാക്കി. ശാരീരിക മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള  സ്‌കോളര്‍ഷിപ്പ് പദ്ധതിയിലെ  ജില്ലാ പഞ്ചായത്ത് വിഹിതം ജില്ലയിലെ 72 ഗ്രാമ പഞ്ചായത്തുകളിലെ  കുട്ടികള്‍ക്കും നല്‍കുവാനായി. 

ജില്ലാ തലത്തില്‍ സാമൂഹ്യനീതി വകുപ്പിനും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഐസിഡിഎസിനുമാണ്  ഭിന്നശേഷി  കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണ  ചുമതല. 

ആലപ്പുഴ ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ലോക  ഓട്ടിസം ദിനമായ ഏപ്രില്‍  രണ്ടിന് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി  വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി മേഖലയിലെ  സംഘടനകളെയും    വിദഗ്ധരെയും  ഉള്‍പ്പെടുത്തി   കര്‍മ്മപദ്ധതി രൂപീകരണ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
 

date