Skip to main content

വിദ്യാകിരണം പദ്ധതിയിൽ 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നൂറ് കുട്ടികൾക്കായി നൂറ് ലാപ്‌ടോപ്പുകൾ ഡി.ജി.ഇ കെ. ജീവൻ ബാബുവിന്റെയും കൈറ്റ് സി.ഇ.ഒ അൻവർ സാദത്തിന്റെയും സാന്നിദ്ധ്യത്തിൽ നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സി.എസ്.ആർ സ്‌കീം പ്രകാരം കൈറ്റിന്റെ അക്കൗണ്ടിൽ ലഭിച്ച 85 ലക്ഷം രൂപയ്ക്കുള്ള ഉപകരണങ്ങളാണ് നൽകുന്നത്. മിംസ് കാലിക്കറ്റ് (35 ലക്ഷം), എസ്.ബി.ഐ (20 ലക്ഷം), ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ടി.ജെ.എസ്.വി സ്റ്റീൽ (15 ലക്ഷം രൂപ) എന്നീ കമ്പനികളുടെ സഹായത്തോടെയാണ് 477
ലാപ്‌ടോപ്പുകൾ ലഭ്യമാക്കുന്നത്.  എസ്.ബി.ഐ നിർദേശിച്ച പ്രകാരം കോട്ടൺഹിൽ സ്‌കൂളിലെ കുട്ടികൾക്കുള്ള 100 ലാപ്‌ടോപ്പുകൾക്ക് പുറമെയുള്ള 377 ലാപ്‌ടോപ്പുകൾ വയനാട് ജില്ലയിലെ സ്‌കൂളുകൾക്കാണ് നൽകുന്നത്.
നേരത്തെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസിലെ പട്ടികജാതി വിദ്യാർഥികൾക്കുമുള്ള 45,313 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പണറായി വിജയൻ നിർവഹിച്ചിരുന്നു.  അടുത്ത ബാച്ച് ഉപകരണങ്ങൾക്കായുള്ള ടെണ്ടർ നടപടികൾ കൈറ്റ് ഉടൻ ആരംഭിക്കും.
പി.എൻ.എക്സ്. 1328/2022

date