Skip to main content

എ.എ റഹീം എം.പിക്ക് ജന്മനാടിന്റെ സ്വീകരണം

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എ. എ റഹീമിന് ജന്മനാട് പൗരസ്വീകരണം നൽകി. വെഞ്ഞാറമൂട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. അർഹമായ അംഗീകാരമാണ് ലഭിച്ചതെന്നും മതേതരത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന ശക്തനായ പോരാളിയാണ് റഹീം എന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായി. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നാട്ടിൽ നിന്നും ഇന്ത്യൻ പാർലമെന്റിൽ യുവത്വത്തിന്റെ ശബ്ദമായി എ. എ റഹീം മുഴങ്ങുമെന്ന് മന്ത്രി പറഞ്ഞു.

ജാതി -മത - രാഷ്ട്രീയ ഭേദമന്യേ നാടിന്റെ പുരോഗതിക്കായി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പ് നൽകുന്നതായി എ.എ. റഹീം എം.പി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഡി.കെ മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻ നായർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ,സെന്റ് ജോസഫ് ആശുപത്രിയുടെ മാനേജിങ് ഡയറക്ടർ ഫാദർ ജോസ് കിഴക്കേടത്ത് , ഗോകുലം മെഡിക്കൽ കോളേജ് മാനേജിങ് ഡയറക്ടർ കെ.കെ മനോജൻ, സ്‌കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശത്തെ നിരവധി സാംസ്കാരിക സംഘടനകളും വ്യക്തികളും എ. എ റഹീമിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

നെഹ്റു യൂത്ത് സെന്ററും വെഞ്ഞാറമൂട് സാംസ്കാരിക സഹകരണ സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

date