Skip to main content

ഭാവം രാഗം താളം നാട്യം; ഉടൽ വേഗങ്ങളിൽ കവിതയെഴുതി ജാനറ്റ്

ഭാവ രാഗ താള സമന്വയമായ ഭരതനാട്യത്തിന്റെ ചടുല താളങ്ങളാൽ ആസ്വാദക ഹൃദയം നിറച്ച് ജാനറ്റ് ജയിംസ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച കണ്ണൂരിൽ അരങ്ങേറിയ കലാ സന്ധ്യ ക്ലാസിക് നൃത്താസ്വാദകർക്ക് വിരുന്നായി.
നടരാജനായ ശിവസ്തുതിയിൽ തുടങ്ങി യതി കീർത്തനത്തിൽ മഹേശ്വരന്റെ വൈവിധ്യമാർന്ന ഭാവങ്ങൾ ജാനറ്റ് ജയിംസ് വേദിയിൽ നിറഞ്ഞാടി. ഗംഗയെ നെറുകയിൽ ചൂടിയ നീലകണ്ഠനെ അംഗചലനങ്ങളും കൊണ്ടും ഭാവാവിഷ്‌കാരം കൊണ്ടും വേദിയിൽ ധന്യമാക്കിയപ്പോൾ ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. രാധാ കൃഷ്ണ പ്രണയവും വിരഹവും ഓർമ്മപ്പെടുത്തി ഗീതാ ഗോവിന്ദത്തിന്റെ വരികൾക്കൊത്ത് ലാസ്യ നൃത്തമാടിയത് ആ നിത്യപ്രണയത്തിന്റെ ഓർമപ്പെടുത്തലായി.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയാണ് ജാനറ്റ്. താൻ 15 വർഷം മുമ്പ് സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യമാടിയ പോലീസ് മൈതാനത്ത് അഭിമാനത്തോടെയാണ് നൃത്തമാടിയതെന്ന് ജാനറ്റ് പറഞ്ഞു. മാതാവ് ജസീന്ത ജയിംസിൽനിന്നാണ് ജാനറ്റ് നൃത്തപഠനം ആരംഭിച്ചത്. പിന്നീട് വി പി ധനഞ്ജയന്റെയും ശാന്ത ധനഞ്ജയന്റെയും ശിഷ്യയായി. കേരള സ്‌കൂൾ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. നടരാജ നൃത്തോത്സവത്തിൽ നാട്യമയൂരി അവാർഡ് ജേതാവാണ്. കലാക്ഷേത്ര ചെന്നൈയിൽനിന്ന് ഭരതനാട്യത്തിൽ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടി. മദ്രാസ് സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇന്ത്യയിലും പുറത്തും നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കലാക്ഷേത്രയുടെ നൃത്ത സംഘത്തിൽ അംഗമാണ്.

തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും ഭാര്യ പി കെ ശ്യാമള ടീച്ചറും കലാസന്ധ്യയിൽ മുഖ്യാതിഥിയായി എത്തി ഭരതനാട്യം ആസ്വദിച്ച് ജാനറ്റ് ജെയിംസിനെ അഭിനന്ദിച്ചു.
നട്ടുവാങ്കം - ഗിരീഷ് മധു കലാക്ഷേത്ര, വായ്പ്പാട്ട് - കെ ഹരിപ്രസാദ് കലാക്ഷേത്ര , മൃദംഗം - രമനാഥൻ കാർത്തികേയൻ ചെന്നൈ, പുല്ലാങ്കുഴൽ - സുവിത്ത് എം നായിക്, കലാക്ഷേത്ര ചെന്നൈ എന്നിവരായിരുന്നു സംഘത്തിൽ.

date