Skip to main content

വൈജ്ഞാനിക സമൂഹം സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

എല്ലാ കുട്ടികൾക്കും മികവാർന്ന വിദ്യാഭ്യാസം ലഭ്യമാക്കി കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലയാട് ഡയറ്റ് കെട്ടിടത്തിന്റേയും ധർമ്മടം മണ്ഡലത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ഒമ്പത് പദ്ധതികളുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തിയതു പോലെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയേയും ശക്തിപ്പെടുത്തും. അതിന് പശ്ചാത്തല സംവിധാനങ്ങൾ മാറണം. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിലെത്തി പഠിക്കണം എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സർവ്വകലാശാലകളിൽ പുതിയ 1500 ഹോസ്റ്റൽ മുറികൾ നിർമ്മിക്കാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതിൽ 250 എണ്ണം അന്താരാഷ്ട്ര നിലവാരത്തിലുള്ളതാകും. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മ പരിപാടികൾ ഉദ്ഘാടനം ചെയ്തത് തന്നെ 53 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ടാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു കാലത്തുമില്ലാത്ത കുതിപ്പാണ് ഇപ്പോഴുള്ളത്. ഐ ടി രംഗത്തും വലിയ മാറ്റം കൊണ്ടുവരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐ ടി പാർക്കുകൾക്ക് അനുബന്ധമായി ഐ ടി ഇടനാഴികൾക്ക് രൂപം കൊടുക്കും. കണ്ണൂരിൽ പുതിയ ഐ ടി പാർക്ക് കൊണ്ടുവരാൻ സർക്കാർ ഉദേശിക്കുന്നുണ്ട്. ഇതിലുടെ വലിയ സാമൂഹിക മാറ്റം ഉണ്ടാകുമെന്നും മുഖമന്ത്രി പറഞ്ഞു.
പാലയാട് ഡയറ്റിന്റെ പഴയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് നവീകരിച്ചത്. പ്രീ-പ്രൈമറി കുട്ടികൾക്കുള്ള സൗകര്യങ്ങൾ, നാലു ക്ലാസ് മുറികൾ, ലൈബ്രറി, റീഡിഗ് റൂം, സ്റ്റാഫ് റൂം, ഭിന്നശേഷി സൗഹൃദ ടോയിലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ബ്രണ്ണൻ കോളേജിനും ഗവ. ഹയർസെക്കൻഡറി സ്‌കൂളുകൾക്കും ഓഡിറ്റോറിയത്തിന് ഫർണിച്ചർ, സൗണ്ട് സിസ്റ്റം, ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളുകൾക്ക് ഡൈനിംഗ് ഫർണിച്ചർ, മമ്മാക്കുന്ന് പാലം സ്ട്രീറ്റ് ലൈറ്റ്, പിണറായി ലക്ഷം വീട് സംരക്ഷണ ഭിത്തി, മുഴപ്പിലങ്ങാട് പുഴയോര ഭിത്തി നിർമ്മാണം, ചേരിക്കൽ തോട് സംരക്ഷണം, മൗവ്വേരി തോട് സംരക്ഷണം, കുഞ്ഞിപ്പുഴ തോട് സംരക്ഷണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്.
ചടങ്ങിൽ ഉജ്വല ബാല്യം അവാർഡ് നേടിയ കാടാച്ചിറ ജി എച്ച് എസ് ലെ വിദ്യാർത്ഥി അദ്വൈത് എസ് പവിത്രന്റെ കവിതാ സമാഹാരം മുഖ്യമന്ത്രിക്ക് കൈമാറി. കണ്ണൂർ സൗത്ത് ബിആർസി യിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമ്മിച്ച സംഗീത ആൽബം 'വർണശലഭങ്ങൾ' മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പാലയാട് ഡയറ്റ് ലാബ് സ്‌കൂളിലെ ഏഴാം തരം വിദ്യാർഥി പി ഋതിക വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.
ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ സി പി അനിത, പി കെ പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ കെ രവി,  ടി സജിത, ഗീത, കെ കെ രാജീവൻ, എ വി ഷീബ, പ്രേമവല്ലി, കെ ദാമോദരൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു നങ്ങാരത്ത്, പി സീമ, ധർമടം ഗ്രാമ പഞ്ചായത്ത് അംഗം പ്രീത,  കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ, തലശ്ശേരി ബ്ലോക്ക് ബിഡിഒ കെ അഭിഷേക്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ ദിലീപ് കുമാർ, കണ്ണൂർ  പിഡബ്യൂഡി ഇലക്ട്രിക്കൽ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇ വിഷ്ണുദാസ് ,കണ്ണൂർ മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഒ പി ശിവദാസൻ, കണ്ണൂർ ഡിഡിഇ മനോജ് മണിയൂർ, എസ്എസ്‌കെ ഡിപിസി  ഇ സി വിനോദ്, പൊതുവിദ്യാഭ്യാസം സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ പി വി പ്രദീപൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ്  വരച്ചൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി അനിൽ, കുന്നുമ്മൽ ചന്ദ്രൻ , സി ഗിരിഷൻ, വി റഷീദ്, അഭിലാഷ് വേലാണ്ടി, പനോളി ലക്ഷ്മണൻ, പ്രേമൻ കല്യാട്ട്, കൊക്കോടൻ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

date