Skip to main content

വികസനത്തിന് തുരങ്കം വെക്കുന്നവരെ ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു: മുഖ്യമന്ത്രി

 

വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ശക്തികൾക്ക് ഒരുകൂട്ടം മാധ്യമങ്ങൾ പ്രോത്സാഹനം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം നിയോജക മണ്ഡലത്തിൽ നവീകരിച്ച പൊതുമരാമത്തിന്റെ ചാല-മൗവ്വഞ്ചേരി റോഡ്, കൊയ്യോട്-പൊതുവാച്ചേരി-ആർ വി മെട്ട റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ രീതിയിൽ മാധ്യമങ്ങൾ നാടിന്റെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. എന്നാൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. വികസന പ്രവർത്തനങ്ങൾക്കെതിരെ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന എല്ലാ ശക്തികളെയും മാധ്യമങ്ങൾ പ്രേത്സാഹിപ്പിക്കുകയാണിവിടെ. ഇത്തരം നിലപാട് നാടിനെ മുന്നോട്ട് നയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ജനങ്ങളെ യാഥാർഥ രീതിയിൽ ബോധവൽക്കരിക്കാൻ പല മാധ്യമങ്ങളും തയ്യാറാകുന്നില്ല. വിവാദങ്ങളിലൂടെ തെറ്റായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്പെട്ടതാണ്. അതിനാലാണ് ദേശീയ പാത ഉൾപ്പടെ വികസിപ്പിക്കുന്നത്. കാലികമായ പുരോഗതി നാടിന് ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചാല-മൗവ്വഞ്ചേരി റോഡ് 4.32 കോടി രൂപയും കോയ്യോട് പൊതുവാച്ചേരി ആർ വി മെട്ട റോഡ് 6.10 കോടിയും ചിലഴിച്ചാണ് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചത്.
ചാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ദാമോദരൻ, എ വി ഷീബ, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇ കെ സുരേശൻ, പി കെ അനിത, കെ വി ജയരാജൻ, ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, ചെമ്പിലോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ സുരേശൻ, ടി രതീശൻ, ഡി ജീഷ, പഞ്ചായത്ത് അംഗങ്ങളായ എ വിദ്യ, കെ സി പ്രകാശൻ, വി ലോഹിതാക്ഷൻ, ഇ ബിന്ദു, ടി കെ ഗോവിന്ദൻ, പി കെ ഷംന, സി ഭവാനി, കെ സീനത്ത്, കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാംകിഷോർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബാബുരാജ്, ടി എച്ച് രാധാകൃഷ്ണൻ, മാമ്പറത്ത് രാജൻ, മുഹമ്മദ് റിയാസ് മാസ്റ്റർ, കെ അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു.

date